Fincat

എല്‍.ഡി.എഫ് അറിവോടെയാണ് കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നതെന്ന സംശയം ദേവഗൗഡയുടെ പ്രസ്താവനയോടെ ബലപ്പെട്ടു -കെ. മുരളീധരൻ

തിരുവനന്തപുരം: ജെ.ഡി.എസ്-ബി.ജെ.പിയുമായി ചേര്‍ന്നപ്പോള്‍ തന്നെ ജെ.ഡി.എസ് അംഗത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. ഇടത് മുന്നണിക്കുള്ളില്‍ ഉണ്ടായിരുന്ന ദള്‍ വിഭാഗത്തെ മന്ത്രിസഭയില്‍ എടുത്തില്ല. ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നവരെ മന്ത്രിസഭയില്‍ തുടരാൻ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജെ.ഡി.എസിന് ഒരു നയമില്ല. കേന്ദ്രത്തില്‍ ബി.ജെ.പിക്കൊപ്പവും കേരളത്തില്‍ എല്‍.ഡി.എഫിനൊപ്പവുമാണ്. ഈ തരത്തിലുള്ള ഒരു പാര്‍ട്ടിയെ എങ്ങനെയാണ് ഇടത് മുന്നണിക്കൊപ്പം നിലനിര്‍ത്താൻ സാധിക്കുകയെന്നും മുരളീധരൻ ചോദിച്ചു.

എല്‍.ഡി.എഫ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കെ. കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നത്. എച്ച്‌.ഡി ദേവഗൗഡയുടെ പ്രസ്താവനയോടെ ഇക്കാര്യം ബലപ്പെട്ടെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ സി.പി.എം പരോക്ഷമായി പിന്തുണക്കുകയാണെന്നും സി.പി.എം ബി.ജെ.പിയുടെ ബി ടീമാണെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.