തൃശ്ശൂര്‍: രക്തബന്ധം മറന്നുള്ള ഗൃഹനാഥന്റെ ക്രൂരത, ഒടുവില്‍ ഭര്‍ത്താവിനും മകനും പിന്നാലെ ലിജിയും മരണത്തിന് കീഴടങ്ങി.
മണ്ണുത്തി ചിറയ്ക്കാക്കോട്ട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങിയ മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിലാണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചത്.
ചിറയ്ക്കാക്കോട് കൊട്ടേക്കാടൻ വീട്ടില്‍ ജോണ്‍സൻ(68) ആണ് മകൻ ജോജി(38)യും കുടുംബവും ഉറങ്ങുന്ന മുറിയില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സെപ്റ്റംബര്‍ 14-ന് നടന്ന സംഭവത്തില്‍ ജോജിയും മകൻ ടെണ്ടുല്‍ക്കറും(12) അന്നുതന്നെ മരിച്ചിരുന്നു. ജോജിയുടെ ഭാര്യ ലിജിയെ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലിജി കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ജോണ്‍സൻ മകനും കുടുംബത്തിനും നേരേ ആക്രമണം നടത്തിയത്. സംഭവത്തില്‍ ജോണ്‍സനും സാരമായി പൊള്ളലേറ്റിരുന്നു. പിന്നീട് വീടിന്റെ ടെറസില്‍ വിഷംകഴിച്ച നിലയിലാണ് ജോണ്‍സനെ പോലീസും നാട്ടുകാരും കണ്ടെത്തിയത്. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോണ്‍സൻ സെപ്റ്റംബര്‍ 21-ന് മരിച്ചു.
കൊടുംക്രൂരത, എല്ലാം ആസൂത്രിതം….
ഭാര്യ സാറയെ മുറിയില്‍ പൂട്ടിയിട്ടശേഷമാണ് ജോണ്‍സണ്‍ മകനെയും കുടുംബത്തെയും ആക്രമിച്ചത്. രണ്ടുവര്‍ഷമായി ഇയാളും മകനും പല കാര്യങ്ങളിലും തര്‍ക്കമുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ജോജിയും കുടുംബവും മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നുവെങ്കിലും രണ്ടുവര്‍ഷംമുമ്ബ് കുടുംബവീട്ടിലേക്ക് തിരിച്ചെത്തി. സംഭവദിവസം വീട്ടില്‍നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ്രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, ജോജിയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ഇരുവരും മരിച്ചു.
മകനെയും കുടുംബത്തെയും കൊല്ലാൻ കൊട്ടേക്കാടൻ ജോണ്‍സണ്‍ ക്രൂരവും ആസൂത്രിതവുമായാണ് ശ്രമിച്ചത്. എ.സി. ഘടിപ്പിച്ചിട്ടുള്ള, അടച്ചുറപ്പുള്ള മുറിയുടെ ജനല്‍ വെട്ടുകത്തികൊണ്ട് തിക്കിത്തുറന്ന് അതിലൂടെയാണ് പെട്രോള്‍ ഒഴിച്ചത്. അയല്‍ക്കാര്‍ വന്നാല്‍ തീ കെടുത്താതിരിക്കാൻ കുടിവെള്ളടാങ്കിലെ വെള്ളം മുഴുവൻ തുറന്നുവിട്ടിരുന്നു. മോട്ടോറിന്റെ വയര്‍ വിച്ഛേദിക്കുകയും ചെയ്തിരുന്നു.
ജോണ്‍സൻ
പുലര്‍ച്ചെ തീ ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിയെത്തുമ്ബോഴേക്കും കിടക്കയിലും മറ്റു ഉപകരണങ്ങളിലും തീ ആളിപ്പടര്‍ന്നിരുന്നു. അയല്‍വീട്ടിലെ പൈപ്പില്‍നിന്ന് വെള്ളമടിച്ചാണ് തീ കെടുത്തിയത്. അഗ്നിരക്ഷാസേനയും മണ്ണുത്തി പോലീസും എത്തുമ്ബോഴേക്കും നാട്ടുകാര്‍ തീയണച്ച് പൊള്ളലേറ്റവരുമായി ആശുപത്രിയിലേക്ക് പോയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോഴും ജോജിക്കും ലിജിക്കും ഓര്‍മയുണ്ടായിരുന്നു. നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ കുട്ടി നിലത്ത് വീണുകിടക്കുകയായിരുന്നു.
മകനെയും കുടുംബത്തെയും തീയിട്ട് കൊലപ്പെടുത്തിയ ജോണ്‍സൻ, കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിരമിച്ച സുരക്ഷാജീവനക്കാരനാണ് ജോജി ലോറി ഡ്രൈവറായിരുന്നു. മരിച്ച ടെണ്ടുല്‍ക്കര്‍ മുടിക്കോട് ജീവൻജ്യോതി പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയും.