കുടുംബ കോടതി പരിസരത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷൻ വളപ്പില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. താണിശ്ശേരി വൻപറമ്ബില്‍ വീട്ടില്‍ സജിമോനെയാണ് (55) അറസ്റ്റ് ചെയ്തത്.

സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ് ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച കേസ് വിചാരണക്കായി കോടതിയിലെത്തിയ രശ്മിയെ സജിമോൻ തടഞ്ഞുനിര്‍ത്തി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് വയറ്റിലും പുറത്തും കൈയിലും കുത്തുകയായിരുന്നു.

ഗുരുതര പരിക്കേറ്റ രശ്മി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവിലാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നിര്‍ദേശാനുസരണം സി.ഐ അനീഷ് കരീം, എസ്.ഐ ഷാജൻ, ജലീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന നിഫാദ്, ബിജു എന്നീ പൊലീസുദ്യോഗസ്ഥരാണ് പ്രതിയെ തടഞ്ഞത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.വി. ഉമേഷ്, രാഹുല്‍ അമ്ബാടൻ, സി.പി.ഒ ലികേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

കൊടകര, മാള, വലപ്പാട് സ്റ്റേഷനുകളില്‍

പ്രതിയുടെ പേരില്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.