മുഖ്യമന്ത്രിയുടെ ലക്ഷ്യം പണം മാത്രം -കെ. സുധാകരന്‍

കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം പണം മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ നടന്ന കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെയും, ജനങ്ങളുടെയും പുരോഗതിയല്ല, മറിച്ച്‌ തനിക്കും കുടുംബത്തിനും പണമുണ്ടാക്കണമെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്.

തനിക്കെതിരെ ഉയര്‍ന്ന ഏതെങ്കിലും ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. കോടികളുടെ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ജയിലില്‍ കഴിയുന്നത് അഴിമതി നടത്തിയിട്ടാണ്. എല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് തന്നെ ചെയ്തതാണ്. എന്നാല്‍, അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ തയാറായില്ല. 37 തവണയാണ് ലാവലിന്‍ കേസ് മാറ്റിവെച്ചത്.

ആ കേസ് എടുത്താല്‍ പിണറായി വിജയന് കൈയില്‍ കൈയാമം വീഴും. ബി.ജെ.പി-സി.പി.എം അന്തര്‍ധാരയാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ സംസ്‌കാരത്തെ ഊതിപ്പെരുപ്പിച്ച്‌, അഴിമതിയുടെ പര്യായമായി മാറിയ ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ ഒരുമയോടെ പോരാടണം. ആത്മസമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം നടത്തിയാല്‍ വിജയം സുനിശ്ചിതമെന്നും, വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 20 സീറ്റും നേടുമെന്നും സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജമീല ആലിപ്പറ്റ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, ഇബ്രാഹിം കുട്ടി കല്ലാടന്‍, എ.ഐ.സി.സി. മെംബര്‍ പി.കെ. ജയലക്ഷ്മി,കെ.പി.സി.സി മെംബര്‍ പി.ടി. മാത്യു, കെ.എല്‍. പൗലോസ്, പി.പി. ആലി, കെ.കെ. വിശ്വനാഥന്‍, സി.പി. വര്‍ഗീസ്, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, എന്‍.കെ. വര്‍ഗീസ്, ടി.ജെ. ഐസക്ക്, സംഷാദ് മരക്കാര്‍, ഒ.വി. അപ്പച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനസദസ്സിന് പകരം വിചാരണസദസ്സ് സംഘടിപ്പിക്കും -വി.ഡി. സതീശന്‍

കല്‍പറ്റ: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏഴ് വര്‍ഷം കൊണ്ട് കെ.എസ്.ഇ.ബിയുടെ കടം നാല്‍പ്പതിനായിരം കോടി രൂപയായി. രണ്ട് വട്ടമാണ് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത്. ഇനിയും വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.

നെല്ല് സംഭരിച്ചതിന്റെ പണം പോലും നല്‍കിയിട്ടില്ല. സംസ്ഥാനത്തുടനീളം ജപ്തി നോട്ടീസ് പ്രവഹിക്കുന്ന സാഹചര്യമാണുള്ളത്. വിദ്യാര്‍ഥികള്‍ക്ക്

ഉച്ചഭക്ഷണത്തിനുള്ള പണം കൊടുക്കാന്‍ പോലും തയാറാവുന്നില്ല. പ്രധാനാധ്യാപകര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. അഞ്ഞൂറോളം അധ്യാപകരാണ് ഇതുമൂലം സ്ഥാനക്കയറ്റം വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്.

സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഏകദേശം നാല്‍പ്പതിനായിരം കോടിയോളം രൂപ വരും. ഇത്തരത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിടുമ്ബോഴാണ് ആര്‍ഭാടവുമായി സര്‍ക്കാര്‍ കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. എന്ത് പറയാനാണ് ഇവര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെന്നും ജനസദസ്സിന് പകരം മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും വിചാരണസദസ്സ് സംഘടിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നതിലുള്‍പ്പെടെ വന്‍ അഴിമതിയാണ് ഇവിടെ നടക്കുന്നത്. എ.ഐ കാമറ, കെ ഫോണ്‍, മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടെല്ലാം അഴിമതി നടക്കുകയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.