ദില്ലി: അമിത വേഗതയിൽ വന്ന കാര്‍ പൊലീസ് കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനക്കിടെയാണ് എസ് യു വി പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ദില്ലിയിലെ കൊണാട്ട് പ്ലേസിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കൊണാട്ട് പ്ലേസ് മാർക്കറ്റിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസുകാരന്‍. അതിനിടെയാണ് അമിത വേഗതയിലെത്തിയ കാര്‍ പൊലീസുകാരനെ ഇടിച്ച് ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടുപോയത്. സംഭവത്തിന്‍റെ ദൃശ്യം സി സി ടി വി ക്യാമറയില്‍ പതിഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് മുകളിലേക്ക് എടുത്തെറിയപ്പെട്ട ശേഷമാണ് കോണ്‍സ്റ്റബിള്‍ റോഡില്‍ വീണത്. പൊലീസുകാരനെ ഇടിച്ചിട്ട ശേഷം മറ്റൊരു വണ്ടിയില്‍ കൂടി ഇടിച്ച ശേഷം കാറിലുണ്ടായിരുന്നവര്‍ നിര്‍ത്താതെ ഓടിച്ചുപോയി.
ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ എസ് യു വിയെ പിന്തുടർന്നെന്നും വാഹനം ഓടിച്ചയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടിയെന്നാണ് ദില്ലി പൊലീസ് പറഞ്ഞത്. പരിക്കേറ്റ കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.