തിരുവനന്തപുരം: സവിശേഷ വിദ്യാഭ്യാസത്തിന് സമഗ്രമായ പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.
ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ ദേശീയ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളവും എസ്.സി.ഇ.ആര്‍.ടി യും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ദേശീയ കോണ്‍ക്ലേവ് ഇത്തരത്തില്‍ ആദ്യത്തേത് ആണ്. ഭിന്നശേഷി ദേശീയ കോണ്‍ക്ലേവിലൂടെ മുന്നോട്ടുവരുന്ന ആശയങ്ങള്‍ കൂടുതല്‍ മികവോടെയും ഗുണപരമായും സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഈ മേഖലയില്‍ ഉള്‍പ്പെട്ട് വരുന്ന ഓരോ കുട്ടികളെയും പരിഗണിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും വിവേചന രഹിതമായി പെരുമാറുകയും അവസരതുല്യതയും അനുയോജ്യമായ വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഓരോ വ്യക്തികളുടെയും കടമയാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഈ മേഖലയില്‍ ഉള്‍പ്പെട്ട ഒരു ലക്ഷത്തി ഇരുപതിനായിരത്തി മുന്നൂറ്റിനാല്പത്തേഴുകുട്ടികള്‍ പഠിക്കുന്നുണ്ടെന്നും ക്ലാസ് തലങ്ങളില്‍ തന്നെ ഇത്തരം കുട്ടികള്‍ക്ക് അര്‍ഹമായ പരിഗണനയും ശ്രദ്ധയും ഗൃഹാധിഷ്ഠിതവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ ഏജൻസികളിലൂടെ പരിശ്രമിച്ചു വരികയാണ്.
ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ ഉന്നമനവും വികാസവും കൂട്ടായ രീതിയില്‍ സാധ്യമാക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെക്കുന്ന കോണ്‍ക്ലേവ് ഈ മേഖലയോടുള്ള സംസ്ഥാനത്തിന്റെ താല്പര്യമാണ് വരച്ചു കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു . എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭിന്നശേഷി കമീഷണര്‍ എസ്.എച്ച് പഞ്ചാപ കേശൻ, ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ സംസാരിച്ചു. സമഗ്ര ശിക്ഷ കേരളം ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആര്‍നന്ദി പറഞ്ഞു.