കല്‍പറ്റ: പരിമിതികള്‍ക്കിടയിലും വിനോദസഞ്ചാരികളുടെ പറുദീസയായി വയനാട്. അവധി ദിവസങ്ങളിലെല്ലാം സഞ്ചാരികളെ കൊണ്ട് നിറയുകയാണ് ജില്ല.
അതുകൊണ്ടുതന്നെ വയനാട്ടിലെത്താനുള്ള ഏക മാര്‍ഗമായ ചുരം അവധി ദിവസങ്ങളില്‍ വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയും ചെയ്യും.
കഴിഞ്ഞ പൂജ അവധി ശനിയും ഞായറും കഴിഞ്ഞുള്ള ദിവസമായതിനാല്‍ നാലുദിവസമാണ് ആഘോഷിക്കാൻ കിട്ടിയത്. നാലുദിവസംകൊണ്ട് 1,25,745 പേര്‍ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയതായാണ് കണക്ക്. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്ന ബാണാസുര സാഗര്‍ ഡാമില്‍ ഈ ദിവസങ്ങളില്‍ 35,372 പേരാണ് സന്ദര്‍ശനം നടത്തിയത്. ഈ വകയില്‍ കെ.എസ്.ഇ.ബിക്ക് 35.77 ലക്ഷം രൂപ വരുമാനം ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ ഓണക്കാലത്തെ ഏഴു ദിവസത്തെ വരുമാനം 40 ലക്ഷം രൂപയായിരുന്നു. ഓരോ ദിവസം കഴിയുന്തോറും സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വര്‍ധന ഉണ്ടാവുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗോത്രപൈതൃക ഗ്രാമമായ എൻ ഊരില്‍ നാല് ദിവസം 8059 പേരാണ്സന്ദര്‍ശിച്ചത്. 6.08 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്.
ജില്ലയില്‍ ഈ ദിവസങ്ങളില്‍ ആകെ 81.58 ലക്ഷം രൂപയുടെ വരുമാനം ടൂറിസം കേന്ദ്രങ്ങളില്‍ ലഭിച്ചതായാണ് കണക്കുകള്‍. വിനോദ സഞ്ചാരികളുടെ ഒഴുക്ക് നാള്‍ക്കുനാള്‍ വര്‍ധിക്കുമ്ബോഴും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.
പല വിനോദ സഞ്ചാരകേന്ദ്രങ്ങളിലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും കുറവാണ്. പല സ്ഥലങ്ങളിലും ഇവയുടെ എണ്ണവും നാമമാത്രമാണ്. പൂക്കോട് തടാകത്തില്‍ ലൈഫ് ഗാര്‍ഡ് ഇല്ലാതായിട്ട് മാസങ്ങളായി. എടക്കല്‍, കുറുവദ്വീപ് പോലുള്ള സ്ഥലങ്ങളില്‍ നിശ്ചിത ആളുകള്‍ക്കാണ് പ്രവേശനം അനുവദിക്കുന്നത്.അത് കൊണ്ടുതന്നെ അവധി ദിവസങ്ങളില്‍ ചുരം കയറുന്ന നിരവധി പേര്‍ ഇവിടങ്ങളിലെത്തി
തിരിച്ചുപോവേണ്ടി വരാറുണ്ട്.