കാലടി: രണ്ടാഴ്ച സ്കൂളില്‍നിന്ന് അവധിയെടുത്തിരുന്നപ്പോള്‍ അപ്രതീക്ഷിതമായാണ് ഒരു കത്ത് അധ്യാപികയായ ബിന്ദുവിന്റെ വീട്ടിലെത്തുന്നത്.സ്നേഹാന്വേഷണങ്ങളോടെ ക്ലാസ് ലീഡര്‍ ലിബ്ന എഴുതിയ കത്തായിരുന്നു അത്.
“ടീച്ചര്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ട ടീച്ചറാണ്. വഴക്കുപറയുമ്ബോള്‍ ദേഷ്യം തോന്നുമെങ്കിലും അത് ഞങ്ങളുടെ നല്ലതിനു വേണ്ടിയാണെന്ന് മനസ്സിലായി. ടീച്ചറിനെ ഞങ്ങള്‍ ഒത്തിരി മിസ് ചെയ്യുന്നു. ഞങ്ങളെ വേര്‍തിരിവില്ലാതെ സ്നേഹിച്ച ടീച്ചറിനെ ഞങ്ങളും ഒത്തിരി സ്നേഹിക്കും. പ്രാര്‍ഥനയില്‍ ടീച്ചറിനെ ഓര്‍ക്കും’- ഇതായിരുന്നു കത്തിലെ വരികള്‍.
ഒരു അധ്യാപികയോടുള്ള സ്നേഹവും ബഹുമാനവുമെല്ലാം തുടിക്കുന്ന ആ കത്ത് ബിന്ദു ഏറെ സ്നേഹത്തോടെ സൂക്ഷിച്ചുവെച്ചു. 34 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ ഇത്തരമൊരു കത്ത് ആദ്യാനുഭവമായിരുന്നു. കത്തിലൂടെ ഹൃദയം കവര്‍ന്ന ലിബ്നയ്ക്കും കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ പൊള്ളലേറ്റെന്ന വാര്‍ത്ത ഞായറാഴ്ച ടീച്ചറെ വല്ലാതെ വേദനിപ്പിച്ചു. വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ പ്രാര്‍ഥിച്ചു, അവളുടെ തിരിച്ചുവരവിനായി. എന്നാല്‍,തിങ്കളാഴ്ച ആ ദുരന്തവാര്‍ത്ത എത്തിയപ്പോള്‍ ബിന്ദു ടീച്ചര്‍ക്കും സഹഅധ്യാപകര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല.
“നിഷ്കളങ്ക സ്നേഹമുള്ള കുട്ടിയായിരുന്നു ലിബ്ന. നന്നായി പഠിക്കുമായിരുന്നു. സമ്മേളനത്തിനുപോകുംമുമ്ബ് വ്യാഴാഴ്ചയാണ് ലിബ്ന അവസാനം ക്ലാസില്‍ വന്നത്. അന്ന് അസംബ്ലിയില്‍ പത്രം വായിച്ചത് അവളായിരുന്നു. അവസാനത്തെ പിരിയഡ് എന്റെ കണക്കു ക്ളാസായിരുന്നു. അവസാനത്തെ കൂടിക്കാഴ്ചകൂടിയായി അത്’ – വേദനയോടെ ബിന്ദു പറഞ്ഞു. നീലീശ്വരം എസ്.എൻ.ഡി.പി. സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ലിബ്ന.
ലിബ്നയുടെ മരണമറിയാതെ അമ്മയും സഹോദരനും
മലയാറ്റൂര്‍: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച ലിബ്ന(12)യുടെ സംസ്കാരം വൈകും. കുട്ടിയുടെ അമ്മ സാലിയും സഹോദരൻ പ്രവീണും സാരമായി പൊള്ളലേറ്റ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്
ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയാകും സംസ്കാരം തീരുമാനിക്കുക. ഇരുവര്‍ക്കും 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
പ്രവീണിന് ചൊവ്വാഴ്ച ഒരു ശസ്ത്രക്രിയ നടത്തും. മറ്റൊരു സഹോദരൻ രാഹുലിന് പൊള്ളലേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. ലിബ്നയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശീതീകരണസംവിധാനത്തില്‍ സൂക്ഷിച്ചിരിക്കയാണ്. അമ്മ സാലി മൂന്നുമക്കളുമൊത്താണ് കളമശ്ശേരിയിലെ പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ ഇരുന്നതിനടുത്തായിരുന്നു സ്ഫോടനം.
മഞ്ഞപ്ര പഞ്ചായത്തിലെ പല്ലിക്കുന്നിലെ കടുവാങ്കുഴി വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. ഏലൂര്‍ വ്യവസായമേഖലുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ ഓടിച്ചുവരുകയായിരുന്നു പിതാവ് പ്രദീപ്. നീലീശ്വരം എസ്.എൻ.ഡി.പി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ലിബ്ന. ക്ളാസ് ലീഡറായിരുന്നു ഈ മിടുക്കി. ആദരസൂചകമായി സ്കൂളിന് തിങ്കളാഴ്ച
അവധി നല്‍കി.
സ്വന്തം വീട് സ്വപ്നമായി അവശേഷിപ്പിച്ച് ലിബ്ന മടങ്ങി
വരാപ്പുഴ: പരിമിതമായ സൗകര്യങ്ങളിലാണ് ലിബ്ന വളര്‍ന്നതും പഠിച്ചതും. എന്നാലും അവള്‍ പഠിക്കാൻ മിടുക്കിയായിരുന്നു. കൂട്ടുകാര്‍ക്കൊക്കെയുള്ളതുപോലെ സ്വന്തമായൊരു വീട് ലിബ്നയുടെ സ്വപ്നമായിരുന്നു. അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം വാടക വീട്ടിലായിരുന്നു ലിബ്ന കഴിഞ്ഞിരുന്നത്. കുറെയേറെക്കാലം ലിബ്നയുടെ കുടുംബം വയനാട്ടിലായിരുന്നു താമസം. പിന്നീടാണ് കാലടി, മലയാറ്റൂര്‍ ഭാഗങ്ങളിലേക്ക് താമസം മാറ്റുന്നത്. പല വാടക വീടുകളില്‍ മാറി മാറി താമസിച്ചു.
ഹോട്ടലില്‍ കുക്ക് ആയി ജോലി നോക്കുന്ന അച്ഛൻ പ്രദീപന്റെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. മൂന്നു മക്കളെ പഠിപ്പിച്ചു വലുതാക്കുന്നതിനിടയില്‍ സ്വന്തമായൊരു വീടു െവക്കുകയെന്നത് പ്രദീപന് ചിന്തിക്കാനാവുമായിരുന്നില്ല. ഇപ്പോള്‍ കഴിയുന്ന വീടും തുച്ഛമായ
വാടകയ്ക്ക് കിട്ടിയതാണ്. ലിബ്നയുടെ രണ്ടു സഹോദരൻമാര്‍ക്ക് ചെറിയ രീതിയിലുള്ള ജോലി ലഭിച്ചപ്പോള്‍ മാത്രമാണ് കുടുംബം കരകയറാനുള്ള വഴി തെളിഞ്ഞത്.
ലിബ്നയുടെ സ്വന്തമായൊരു വീടെന്ന സ്വപ്നങ്ങള്‍ക്ക് ഇതോടെ ചിറകുമുളച്ചിരുന്നു. അതിനിടെയാണ് എല്ലാം പ്രതീക്ഷകളും തകര്‍ത്ത് ദുരന്തം കടന്നുവന്നത്.കളമശ്ശേരിയിലെ സ്ഫോടനത്തില്‍ 95 ശതമാനത്തിലധികം പൊള്ളലേറ്റ ലിബ്ന മരണത്തിന് കീഴടങ്ങുകയായിരുന്നു.