2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ, എല്ലാവരിലും 10നോട്ടുകൾ വീതം! കണ്ടെത്താന്‍ പൊലീസ്

ഭുവനേശ്വർ: റിസർവ് ബാങ്കിന്റെ കൗണ്ടറിൽ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങാൻ ഇപ്പോഴും നീണ്ട ക്യൂ പതിവായതോടെ നടപടിയുമായി പൊലീസ്. ഭുവനേശ്വറിലെ കൗണ്ടറിൽ ക്യൂ നിൽക്കുന്നവരെ ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം ചെയ്‌തു. നോട്ട് മാറ്റി വാങ്ങാൻ ക്യൂ നിൽക്കുന്നവർ മറ്റാരുടെയെങ്കിലും ഏജന്റുമാരായി പ്രവർത്തിക്കുകയാണോ എന്ന് കണ്ടെത്താനായിരുന്നു ചോദ്യം ചെയ്യൽ.

ചിലർ 2,000 രൂപയുടെ കറൻസി നോട്ടുകൾ കൂലി അടിസ്ഥാനത്തിൽ മാറ്റി വാങ്ങുന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഇഒഡബ്ല്യു സംഘം ബുധനാഴ്ച ആർബിഐയിലെത്തിയത്. ആർബിഐ കൗണ്ടറിൽ 20,000 രൂപ മാറ്റി വാങ്ങുന്നവർക്ക് 300 രൂപ കൂലിയായി ചിലർ നൽകുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആർബിഐ കൗണ്ടറിൽ ചിലർ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇവിടെയെത്തിയത്. ക്യൂവിൽ നിന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് അവരുടെ തൊഴിലിനെ കുറിച്ച് ചോദിച്ചറിഞ്ഞെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്യൂവിൽ പലരും കൃത്യമായി 2000 രൂപയുടെ 10 കറൻസി നോട്ടുകൾ കൈവശം വച്ചിരിക്കുന്നത് കണ്ടെത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

ക്യൂവിൽ നിൽക്കുന്നവരിൽ ഭൂരിഭാഗം ആളുകളുടെയും പക്കൽ 2000 രൂപയുടെ 10 ​​നോട്ടുകൾ മാത്രം ഉള്ളതെങ്ങനെ. മറ്റാർക്കെങ്കിലും വേണ്ടി പണം മാറാൻ ശ്രമിക്കുകയാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. ക്യൂവിൽ നിൽക്കുന്നവരെ ചോദ്യം ചെയ്തതിന് പുറമെ, ആർബിഐയുടെ സിസിടിവി ദൃശ്യങ്ങളും ഇഒഡബ്ല്യു ഉദ്യോഗസ്ഥർ പരിശോധിച്ചു. അന്വേഷണ ഏജൻസി എന്തെങ്കിലും വിശദീകരണം തേടുകയാണെങ്കിൽ ഞങ്ങൾ പൂർണ്ണമായും സഹകരിക്കുമെന്ന് ആർബിഐ റീജിയണൽ ഡയറക്ടർ എസ്പി മൊഹന്തി പറഞ്ഞു.

ഓരോ ദിവസവും 2 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും അതിൽ 95 ശതമാനവും മാറുന്നുണ്ടെന്നും 5 ശതമാനം മാത്രമാണ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.