ശരീര ഭാഗങ്ങള്‍ അറ്റുപോയ നിലയില്‍; യു.പിയില്‍ ദലിത് യുവതി കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമെന്ന് കുടുംബം

ലഖ്നോ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ദലിത് യുവതി കൊല്ലപ്പെടുന്നതിന് മുമ്ബ് ബലാത്സംഗം ചെയ്യപ്പെട്ടിരിന്നുവെന്ന ആരോപണവുമായി കുടുംബം.യുവതിയുടെ ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയിലാണ് ആരോപണം ഉന്നയിച്ചത്. മരിക്കുന്നതിന് മുമ്ബ് യുവതി ജോലി ചെയ്തിരുന്ന പ്രാദേശിക മില്ലിന്റെ ഉടമയുള്‍പ്പെടെ മൂന്ന് വ്യക്തികള്‍ക്കെതിരെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിത്.
ചൊവാഴ്ച മില്ലിലേക്ക് ജോലിക്ക് പോയതാണ് യുവതി. പിന്നീട് യുവതിയുടെ അറ്റുപോയ തല മില്ലിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് തന്നെ രക്തകറയോടുകൂടിയ സാരിയും ഒരു കൈയും കണ്ടെത്തി.
മില്ലിലെ ബെല്‍റ്റില്‍ കുടുങ്ങി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ താൻ മില്‍ സന്ദര്‍ശിച്ചപ്പോള്‍ അത് അടച്ചിട്ടിരിക്കുകയായിരുന്നും അമ്മയുടെ നിലവിളി അവിടെനിന്ന് കേട്ടുവെന്നും അവരുടെ മകള്‍ പറഞ്ഞു. മില്ലുടമയുടെ സഹോദരൻ രാജ് കുമാര്‍ ശുക്ല 30 മിനിറ്റിനുശേഷം മദ്യലഹരിയിലാണ് വാതില്‍ തുറന്നതെന്നും മകള്‍ പൊലീസിനോട് പറഞ്ഞു.
എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ ഗ്രാമത്തില്‍ വൈദ്യുതി ഉണ്ടാകില്ലെന്നും അപ്പോള്‍ എങ്ങനെയാണ് മില്ലിലെ ബെല്‍റ്റില്‍ കുടുങ്ങി മരിക്കുന്നതെന്നും യുവതിയുടെ മകള്‍ ചോദിച്ചു. എന്നാല്‍ യുവതി ജോലി കഴിഞ്ഞ് തിരിച്ച്‌ പോയെന്നാണ് മില്ലുടമ പറഞ്ഞത്.
മൂന്ന് പേര്‍ക്കെതിരെയും കൊലപാതകത്തിനും ബലാത്സംഗത്തിനും കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ട് ഡോക്ടര്‍മാരുടെ പാനലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും മുഴുവൻ പ്രക്രിയയും വിഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.