Fincat

റോഡ് കവിഞ്ഞ് മഴവെള്ളം വാരിയംപടവിലേക്ക്; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

അരിമ്പൂർ : കനത്ത മഴയില്‍ റോഡ് കവിഞ്ഞ് വെള്ളം വാരിയംപടവിലേക്ക് ഒഴുകി പാടശേഖരം മുങ്ങിയതോടെ കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍.

1 st paragraph

മഴ മാറിയതോടെ കൃഷിയിറക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം കനത്ത മഴ പെയ്തത്. മനക്കൊടി -പുള്ള് പി.ഡബ്ല്യു.ഡി റോഡിലെ ബണ്ടിലൂടെ വെള്ളം ഇറിഗേഷൻ കനാലിലെ വാരിയംകോള്‍പ്പടവിലേക്ക് ഒഴുകുകയായിരുന്നു.

കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകരും ജനപ്രതിനിധികളും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ തൃശൂരിലെ ഇറിഗേഷൻ, പി.ഡബ്ല്യു.ഡി ഓഫിസുകളിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായെത്തും. ഉടൻ പരിഹാരം ഇല്ലെങ്കില്‍ മനക്കൊടി -പുള്ള് റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.

2nd paragraph

ആഗസ്റ്റില്‍ കൃഷി ഇറക്കേണ്ടിയിരുന്ന പടവാണ് വാരിയം കോള്‍പ്പടവ്. എന്നാല്‍, പടവിലേക്ക് ഇടച്ചാലുകളില്‍നിന്ന് വെള്ളം കവിഞ്ഞെത്തുന്നതിനാല്‍ അധിക ജലം അടിച്ചുവറ്റിക്കേണ്ട അവസ്ഥയായിരുന്നു. കെ.എല്‍.ഡി.സി കനാലില്‍ സമയബന്ധിതമായി കുളവാഴ അടക്കമുള്ള തടസ്സങ്ങള്‍ നീക്കാത്തതായിരുന്നു വെള്ളം പടവിലേക്ക് ഒഴുകാൻ കാരണം.

തടസ്സങ്ങള്‍ കുറച്ചൊക്കെ പിന്നീട് നീക്കിയെങ്കിലും പുള്ള് -മനക്കൊടി റോഡിലെ 800 മീറ്റര്‍ പ്രദേശത്തെ റോഡ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഒന്നര മീറ്ററോളം താഴ്ന്നതായാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അതിനാല്‍, കെ.എല്‍.ഡി.സി പുറംചാലില്‍ ശരാശരി വെള്ളം വന്നാലും റോഡ് കവിഞ്ഞ് വാരിയം കോള്‍പ്പാടത്തേക്കാണ് ഒഴുകുന്നത്.

റോഡ് ഉയര്‍ത്തണമെന്ന് കര്‍ഷകര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആര്‍. ബാബുരാജ്, വാര്‍ഡ് അംഗം കെ. രാഗേഷ്, പാടശേഖര സമിതി സെക്രട്ടറി കെ.കെ. അശോകൻ എന്നിവര്‍ പറഞ്ഞു.