ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ മത്സരശേഷം പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ ശ്രീലങ്ക-ബംഗ്ലാദേശ് താരങ്ങൾ

ദില്ലി: ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് വിളിച്ച് പുറത്താക്കിയതിന് പിന്നാലെ പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും താരങ്ങള്‍. ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റെയും നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയുടെയും ബാറ്റിംഗ് മികവില്‍ ലക്ഷ്യത്തിലെത്തി.

വിജയത്തിന് അടുത്ത് വിക്കറ്റുകള്‍ തുടരെ നഷ്ടമായി സമ്മര്‍ദ്ദത്തിലായെങ്കിലും ബംഗ്ലാദേശ് ലെഗ് ബൈയിലൂടെ വിജയ റണ്‍സ് നേടിയശേഷം പതിവു രീതിയിലുള്ള ഹസ്തദാനത്തിന് തയാറാവാതെ ശ്രീലങ്കന്‍ താരങ്ങല്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് നടന്നു.ബംഗ്ലാദേശ് താരങ്ങളായ തന്‍സിദ് ഹൊസൈൻ ഷാക്കിബും തൗഹിദ് ഹൃദോയിയും ചേര്‍ന്നായിരുന്നു ബംഗ്ലാദേശിനെ വിജയവര കടത്തിയത്. വിജയ റണ്‍ നേടിയശേഷം ഇരുവരും ഗ്രൗണ്ടില്‍ നിന്നെങ്കിലും ശ്രീലങ്കന്‍ താരങ്ങള്‍ മൈന്‍ഡ് ചെയ്തില്ല.ബംഗ്ലാദേശ് താരങ്ങള്‍ സൗഹൃദത്തിന് തയാറായതുമില്ല. കളിക്കാര്‍ കൈ കൊടുത്തില്ലെങ്കിലും ഇരു ടീമിലെയും സപ്പോര്‍ട്ട് സ്റ്റാഫ് പരസ്പരം ഹസ്തദാനം നടത്തിയിരുന്നു.

നമ്മളെ ബഹുമാനിക്കുന്നവരെയെ തിരിച്ച് ബഹുമാനിക്കേണ്ടതുള്ളൂവെന്നായിരുന്നു ഹസ്തദാനത്തിന് ബംഗ്ലാദശ് താരങ്ങളുമായി തയാറാവാതിരുന്നതിനെക്കുറിച്ച് ഏയ്ഞ്ചലോ മാത്യൂസ് മത്സരശേഷം പറഞ്ഞത്. തിരിച്ച് ബഹുമാനിക്കുകയോ സാമാന്യബുദ്ധി ഉപയോഗിക്കുകയോ ചെയ്യാത്തവരെ എന്തിനാണ് ബഹുമാനിക്കുന്നത്. ഈ ദിവസം വരെ എനിക്ക് ഷാക്കിബിനോടും ബംഗ്ലാദേശ് ടീമിനോടും അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തോടെ അത് നഷ്ടമായെന്നും മാത്യൂസ് പറഞ്ഞിരുന്നു.

ബംഗ്ലാദേശിനെതിരായ തോല്‍വിയോടെ ശ്രീലങ്ക ഔദ്യോഗികമായി സെമിയിലെത്താതെ പുറത്താവുന്ന മൂന്നാമത്തെ ടീമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ചരിത് അസലങ്കയുടെ സെ‍ഞ്ചുറി കരുത്തിൽ 49.3 ഓവറില്‍ 279 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 41.1 ഓവറില്‍ ഏഴ് വിതക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ശ്രീലങ്കക്ക് പുറമെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ബംഗ്ലാദേശുമാണ് നേരത്തെ സെമിയിലെത്താതെ പുറത്തായവര്‍.