പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശിപാര്‍ശ ചെയ്യുമെന്ന് സൂചന

ഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്യുമെന്ന് സൂചന.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അധാര്‍മികമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശിപാര്‍ശ. ഇന്ന് വൈകീട്ടാണ് എത്തിക്‌സ് കമ്മിറ്റി യോഗം ചേരുന്നത്.

പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെ റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് കൈമാറും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ടിൻമേല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. നവംബര്‍ ഒന്നിനായിരുന്നു മഹുവ ലോക്‌സഭാ എത്തികിസ് കമ്മിറ്റിക്ക് മുമ്ബാകെ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച്‌ മഹുവ സിറ്റിങ്ങില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.

ബി.എസ്.പി അംഗം ഡാനിഷ് അലിക്കെതിരെയും കമ്മിറ്റി നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്നാണ് അറിയുന്നത്. നവംബര്‍ രണ്ടിന് നടത്തിയ സിറ്റിങ്ങില്‍ കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാര്‍ സോങ്കറിന്റെ ചോദ്യങ്ങളെ വളച്ചൊടുക്കാൻ ശ്രമിച്ചുവെന്നാണ് ഡാനിഷ് അലിക്കെതിരായ ആരോപണം.

തന്റെ പാര്‍ലമെന്ററി ഡിജിറ്റല്‍ അക്കൗണ്ട് സൗകര്യം പ്രയോജനപ്പെടുത്താനായി വ്യവസായി ദര്‍ശൻ ഹിരാനന്ദാനിയില്‍നിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നും അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് ആരോപണം. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് പരാതി നല്‍കിയത്.