
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളറായ അധ്യാപകന് താക്കീത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലെ പിഴവ് എൻ.ഐ.സി സോഫ്റ്റ് വെയര്‍ പ്രശ്നമെന്ന് കണ്ടെത്തിയിട്ടും തിരുത്തിയില്ലെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പിഴവ് തിരുത്താനുണ്ടായ കാലതാമസം അനാവശ്യ വിവാദത്തിന് കാരണമായെന്നും മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദം കോളജിനെ മാത്രമല്ല ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും വലിയ തോതില്‍ പ്രതിരോധത്തിലാക്കി.
കൂടാതെ, കോളജ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരക്കാനും ഇടയാക്കി. ഭാവിയില്‍ ഇത്തരം പിഴവ് സംഭവിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
