പടിഞ്ഞാറത്തറ (കല്പറ്റ): നിര്‍മാണ ആവശ്യത്തിന് ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
ഡ്രൈവര്‍ കണ്ണൂര്‍ തോലമ്ബ്ര പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകൻ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.
പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടിലേക്ക് റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി തലകീഴായി മറിഞ്ഞാണ് അപകടം. ഞായറാഴ്ച 11ഓടെയായിരുന്നു അപകടം. ഡ്രൈവര്‍ സീറ്റില്‍നിന്ന് പുറത്തേക്ക് വീണ ദിലീപ്കുമാര് ചെങ്കല്ലുകള്‍ക്കടിയില്‍പെടുകയായിരുന്നു. ഏറെനേരം പാടുപെട്ടാണ് നാട്ടുകാര്‍ കല്ലിനിടയില്‍നിന്ന് രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റിയാംവയലിന് സമീപത്തെ റിസോര്‍ട്ടിന്റെ നിര്‍മാണ പ്രവൃത്തിക്കായി ചെങ്കല്ല് കൊണ്ടുവന്ന ലോറിയാണിതെന്നാണ് സൂചന.