വധശിക്ഷക്ക് പുറമെ അസ്ഫാക്കിന് വിധിച്ചത് അഞ്ച് ജീവപര്യന്തവും 49 വര്‍ഷം തടവും; ശിക്ഷയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷക്ക് പുറമെ കോടതി വിധിച്ചത് അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം തടവും. പോക്സോ കേസില്‍ മൂന്നു വകുപ്പിലും ജീവിതാവസാനം വരെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും കുറ്റം തെളിയുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. പിഴ ഈടാക്കുന്ന പക്ഷം അതില്‍ നിന്നോ അല്ലെങ്കില്‍ ലീഗല്‍ സര്‍വീസ് അതോരിറ്റിയോ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ടെന്നും വിധിയില്‍ നൂറുശതമാനം സംതൃപ്തിയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍ രാജ് പറഞ്ഞു. 13 വകുപ്പുകളിലുമായി ആകെ 49 വര്‍ഷം തടവും അഞ്ച് ജീവപര്യന്തവും ഇതിനപുറമെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം വധശിക്ഷയുമാണ് കോടതി വിധിച്ചത്. പോക്സോയിലെ മൂന്നു വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2 ) (j) വകുപ്പിലും (സമ്മതം കൊടുക്കാന്‍ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക) ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 (പ്രകൃതിവിരുദ്ധപീഡനവും ക്രൂരതയും) വകുപ്പിലുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

പ്രതിക്കെതിരെ തെളിഞ്ഞ വകുപ്പുകളും കോടതി വിധിച്ച ശിക്ഷയും
ബാലാവകാശ നിയമം

1 .J J ACT 77 പ്രായപൂർത്തിയാവാത്ത കുട്ടിക്ക് മദ്യം നൽകുക: മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും

പോക്സോ നിയമം

2, പോക്സോ- 5 (m) 12 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും
3. പോക്സോ -5( i) പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്യൽ: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും
4. പോക്സോ- 5 -(L) കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായ ക്ഷതം വരുത്തുക: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി)

5. 302 കൊലപാതകം: വധശിക്ഷയും രണ്ടു ലക്ഷം പിഴയും (ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും വധശിക്ഷ നടപ്പാക്കുക)

6. 201 തെളിവ് നശിപ്പിക്കൽ: അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ്)

7. 297 മൃതദേഹത്തോട് അനാദരവ്: ഒരു വർഷം തടവ്

8.364 തട്ടിക്കൊണ്ടുപോകൽ 10 വർഷം തടവും കാല്‍ലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്)

9. 367 തട്ടിക്കൊണ്ടുപോയി പരുക്കേൽപ്പിക്കൽ 10 വർഷം തടവും കാല്‍ലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്)

10.328 പ്രായപൂർത്തിയാകാത്തകുട്ടിയ്ക്ക് മദ്യം, മയക്ക് മരുന്ന് നൽകൽ: 10 വർഷം തടവും കാല്‍ലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്)

11.366 (a) പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടികൊണ്ടുപോകൽ: പത്തുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്)

12. 377 (പ്രകൃതിവിരുദ്ധപീഡനവും ക്രൂരതയും: ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും

13.376 (2 ) (j) സമ്മതം കൊടുക്കാന്‍ കഴിയാത്ത ആളെ ബലാത്സംഗം ചെയ്യുക: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും