സര്‍ക്കാറിനെതിരെ യു.ഡി.എഫ് കുറ്റവിചാരണ സദസ്സ്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഴിമതിയും ധൂര്‍ത്തും സാമ്ബത്തിക തകര്‍ച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി.എഫ് നേതൃത്വത്തില്‍ 140 മണ്ഡലങ്ങളിലും നടത്തുന്ന കുറ്റവിചാരണ സദസ്സിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത്.

ഡിസംബര്‍ രണ്ടിനു തന്നെ ജില്ലകളില്‍ മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ ജില്ല തല ഉദ്ഘാടനവും നടക്കും. ഡിസംബര്‍ 22 വരെയായിരിക്കും സദസ്സുകള്‍ നടത്തുക. സദസ്സില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ നടത്തുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാറിനെതിരായ കുറ്റവിചാരണ സദസ്സില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുപുറമെ, സര്‍ക്കാറില്‍ നിന്ന് വിവിധ ഇനങ്ങളില്‍ പണം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്ന നെല്‍, നാളികേര, റബര്‍ കര്‍ഷകര്‍, കെ.എസ്.ആര്‍.ടി.സി അടക്കം സ്ഥാപനങ്ങളിലെ പെന്‍ഷന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, സാമൂഹികക്ഷേമ പെന്‍ഷനും ചികിത്സ സഹായവും ലഭിക്കാത്തവര്‍, പി.എസ്.സി റാങ്ക് ലിസ്റ്റില്‍പെട്ടവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിക്ക് കാത്തിരിക്കുന്ന തൊഴില്‍രഹിതര്‍ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കും.

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, മലപ്പുറത്ത് താനൂര്‍, തൃശൂരില്‍ ഒല്ലൂര്‍, എറണാകുളത്ത് കളമശ്ശേരി, തിരുവനന്തപുരത്ത് നേമം തുടങ്ങിയ മണ്ഡലങ്ങളിലായിരിക്കും ജില്ലതല ഉദ്ഘാടനം. ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും മൂന്നാം പ്രതി കൃഷിമന്ത്രിയും നാലാം പ്രതി ധനമന്ത്രിയുമാണ്. മരിച്ച കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങളെ കൃഷി വകുപ്പ് ദത്തെടുക്കണം. നവകേരള സദസ്സിനായി യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഭരണസമിതി തീരുമാനം മറികടന്ന് തുക അനുവദിച്ചാല്‍ ഭവിഷ്യത്ത് ഉദ്യോഗസ്ഥര്‍ നേരിടേണ്ടിവരുമെന്നും ഹസൻ പറഞ്ഞു.