തുച്ഛമായ തുക നല്‍കി ലൈഫ് പദ്ധതിയുടെയടക്കം പേര് മാറ്റാൻ കേന്ദ്ര സമ്മര്‍ദ്ദം; അല്‍പ്പത്തരമെന്ന് മന്ത്രി രാജേഷ്

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് തുച്ഛമായ പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാൻ നിര്‍ബന്ധിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം ഒറ്റപ്പെട്ടതല്ലെന്ന് പറഞ്ഞ മന്ത്രി, ലൈഫ് പദ്ധതി മുതല്‍ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന നീക്കം കേന്ദ്രത്തില്‍ നിന്നുണ്ടാവുന്നുവെന്നും കുറ്റപ്പെടുത്തി.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തുച്ഛമായ തുക മാത്രം നല്‍കുകയും അതില്‍ കേന്ദ്രത്തിന്റെ പേര് മാത്രം വയ്ക്കണം എന്ന അല്‍പ്പത്തരം കാണിക്കുകയും ചെയ്യുന്നു. ലൈഫില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രത്തിന്റേത്. കേന്ദ്ര സര്‍ക്കാരിന്റെ തുച്ഛമായ പണം കിട്ടിയത് 1,12,031 വീടുകള്‍ക്ക് മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി ആകെ ചെലവഴിച്ച തുകയുടെ 11 ശതമാനം മാത്രമാണിത്. 13736 കോടി സംസ്ഥാനം ചെലവാക്കിയതില്‍ 2024 കോടി കേന്ദ്രസര്‍ക്കാരിന്റെ സംഭാവനയാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ പറയുന്ന പേര് വയ്ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് ബ്ലാക്ക്മെയിലിംഗ് രാഷ്ട്രീയമാണെന്ന് മന്ത്രി വിമര്‍ശിച്ചു. ഒരു ശൗചാലയത്തിനുള്ള പണം പോലും തികച്ച്‌ നല്‍കാതെ വീട് മുഴുവൻ കേന്ദ്ര സര്‍ക്കാരിന്റെതെന്ന് വരുത്താൻ ശ്രമിക്കുകയാണ്. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് എതിരെ നടക്കുന്നതും സമാന നീക്കമാണ്. കേന്ദ്ര ധനകാര്യ കമ്മീഷൻ കേരളത്തിന് നല്‍കാനുള്ളത് 833 കോടി രൂപയാണ്. ക്ഷേമ പെൻഷൻ ആകെ 50,90,390 പേര്‍ക്കാണ് സംസ്ഥാനം നല്‍കുന്നത്. കേന്ദ്ര വിഹിതം വിധവ പെൻഷൻ 300 രൂപയും വാര്‍ദ്ധക്യ പെൻഷൻ 200 രൂപയുമാണ്. 8,46,456 പേര്‍ക്കാണ് കേന്ദ്ര വിഹിതം കിട്ടുന്നത്. എന്നാല്‍ ഈ കേന്ദ്ര വിഹിതം രണ്ട് വര്‍ഷമായി കിട്ടിയിരുന്നില്ല. ആ പണം കൂടി ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ പെൻഷൻ നല്‍കി വന്നത്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തുക കുടിശിക തീര്‍ത്ത് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.