ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരയ്യ(102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
കടുത്ത പനിയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ശങ്കരയ്യ.1964ല്‍ സി.പി.ഐയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങി വന്ന് സി.പി.എം രൂപവത്കരിച്ച 32 പേരില്‍ ഒരാളാണ് അദ്ദേഹം. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് കുറേക്കാലമായി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
മെട്രിക്കുലേഷൻ പാസായ ശേഷം ശങ്കരയ്യ 1937ല്‍ മധുരയിലെ അമേരിക്കൻ കോളജില്‍ നിന്ന് ചരിത്രം പഠനം ആരംഭിച്ചു. മദ്രാസ് സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം മധുര സ്റ്റുഡന്റ്സ് യൂനിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു.
1941ല്‍ മധുര അമേരിക്കൻ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം ആദ്യമായി അറസ്റ്റിലാകുന്നത് . ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏകദേശം എട്ട് വര്‍ഷത്തെ ജയില്‍വാസവും ഉള്‍പ്പെടുന്നു. 1947 ആഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്ബാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്.
സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു . അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് . 1995 മുതല്‍ 2002 വരെ സി.പി.എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു. 1967 ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ തമിഴ്നാട് നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്