ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘം എസ്.ഐയെ കൈയേറ്റം ചെയ്തു

നീലേശ്വരം: ഓട്ടോ റിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി ഉരസിയെന്നാരോപിച്ച്‌ ഡ്രൈവറെ നാലംഗ സംഘം ആക്രമിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയെ കൈയേറ്റം ചെയ്തു.

നീലേശ്വരത്തെ ഓട്ടോ ഡ്രൈവര്‍ മൂലപള്ളി വടക്കെ വളപ്പില്‍ ബാലകൃഷ്ണന്‍റെ മകൻ വി.വി. രതീഷിനെ (35) യാണ് തെരുവത്ത് റോഡില്‍ ഒരു സംഘം ആക്രമിച്ചത്.

അക്രമം നടക്കുന്നുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയ നീലേശ്വരം എസ്.ഐ കെ.വി. മധുസൂദനനെയും അക്രമികള്‍ കൈയേറ്റം ചെയ്തു. എസ്.ഐയെ കൈയേറ്റം ചെയ്തതിന് തെരുവത്തെ മുരളിക്കും ഓട്ടോ ഡ്രൈവറെ അക്രമിച്ചതിന് തെരുവത്തെ സജീവൻ, മുരളി, പേരോലിലെ പ്രതീഷ്, സുദേവ് എന്നിവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. രതീഷിനെ ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി നാലംഗ സംഘം അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ ചവിട്ടി പൊളിക്കുകയും കീശയില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തു. അക്രമത്തില്‍ 18,000 രൂപയുടെ നഷ്ടം സംഭവിച്ചതായി രതീഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.