താമരശ്ശേരി/വൈത്തിരി: താമരശ്ശേരി ചുരത്തില്‍ രണ്ടാംവളവിനുതാഴെ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.
എട്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് മുട്ടില്‍ പരിയാരം ഉപ്പൂത്തിയില്‍ കെ.പി. റഷീദ (35) ആണ് മരിച്ചത്. ഇവരുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 9.45-ഓടെയാണ് അപകടം.
എതിരേനിന്നുവന്ന ലോറിയില്‍ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചപ്പോള്‍ സംരക്ഷണഭിത്തി തകര്‍ന്നുകിടന്ന സ്ഥലത്തുകൂടി കാര്‍ വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു കാറിലുണ്ടായിരുന്ന മുഹമ്മദ് ഷിഫിൻ (8), മുഹമ്മദ് ഷാൻ (14), അസ്ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19), റിയ (18), ആസ്യ (42), ഷൈജല്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റഷീദ, റിയ, ഷൈജല്‍ എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും റഷീദയുടെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ മറ്റുള്ളവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. രണ്ടുപേരെ വിദേശത്തേക്ക് യാത്രയാക്കിയശേഷം കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വയനാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയായതിനാലും കനത്തമഴയായതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. പരിക്കേറ്റവരെ മുകളിലെത്തിക്കാൻ കഴിയാത്തതിനാല്‍ മറ്റൊരുവഴിയാണ് പുറത്തേക്ക് എത്തിച്ചത്.
മുക്കം അഗ്നിരക്ഷാസേനയും ഇൻസ്പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി, അടിവാരം, ഹൈവേ പോലീസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും എൻ.ആര്‍.ഡി.എഫ്. അംഗങ്ങളും നാട്ടുകാര്‍, യാത്രക്കാര്‍ എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഇരുവശവും അടച്ചതിനാല്‍ രണ്ടാംവളവിനുതാഴെയും മുകളിലുമായി വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. രാത്രി പതിനൊന്നുമണിയോടെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.