നാദാപുരം: വെള്ളിയാഴ്ച നാദാപുരത്ത് എത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ കല്ലാച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി 11 മണിക്ക് കല്ലാച്ചിമാരാം വീട്ടില്‍ ഗ്രൗണ്ടില്‍ നടക്കും. 8 മണി മുതല്‍ പ്രത്യേകം തയാറാക്കിയ 15 കൗണ്ടറില്‍ പരാതികള്‍ സ്വീകരിക്കും.
30000 ആളുകള്‍ സദസ്സില്‍ എത്തുമെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിക്ക് ശേഷം ഓത്തിയില്‍ ഫുഡ് കോര്‍ട്ടിലെ ഭക്ഷണത്തിനുശേഷം നാദാപുരം അതിഥി മന്ദിരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിശ്രമിക്കും. തുടര്‍ന്ന് പേരാമ്ബ്രയിലെ സ്വീകരണ സ്ഥലത്തേക്ക് തിരിക്കും.
ഇ.കെ. വിജയൻ എം.എല്‍. എ, നോഡല്‍ ഓഫിസര്‍ ഡോ. ജോസഫ് കുര്യാക്കോസ്, പി.പി. ചാത്തു, വി.പി. കുഞ്ഞികൃഷ്ണൻ, ടി.കെ. രാജൻ, പി.എം. നാണു, കരിമ്ബിൻ ദിവാകരൻ, കെ.പി. കുമാരൻ, എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല കലക്ടര്‍, ജില്ല പൊലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഡി.വൈ.എസ്.പി ലതീഷ്, സി.ഐ. ഇ.വി. ഫായിസ് അലി, എസ്.ഐ എസ്. ശ്രീജിത്ത്, ഫെബിന മുഹമ്മദ് അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.
വിളംബര ജാഥ
തിരുവള്ളൂര്‍: മേമുണ്ടയില്‍ വെള്ളിയാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി തിരുവള്ളൂരില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത് സംഘാടക സമിതി ചെയര്‍മാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ലീന, കണ്‍വീനര്‍ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാര്‍ജ് അബ്ദുല്‍ അസീസ്, ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാദാപുരത്ത് നാളെ; യാത്ര നിയന്ത്രണം
നാദാപുരം: നവകേരള സദസ്സിന്റെ ഭാഗമായി വെള്ളിയാഴ്ച നാദാപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിവൈ.എസ്.പി, വി.വി. ലജീഷ് അറിയിച്ചു. കുറ്റ്യാടി ഭാഗത്തുനിന്ന് നവ കേരള സദസ്സിലേക്ക് വരുന്ന ബസുകള്‍, സ്കൂള്‍ ബസുകള്‍, ടെമ്ബോ ട്രാവലര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പയന്തോങ്ങ് ഹൈടെക് സ്കൂളിനടുത്തുള്ള ടൗണില്‍ യാത്രക്കാരെ ഇറക്കി അവിടെ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് തിരിച്ചുപോയി റോഡിന്റെ ഇടതുവശത്ത് പാര്‍ക്ക് ചെയ്തു നിര്‍ത്തേണ്ടതാണ്.
• പുറമേരി, എടച്ചേരി ഭാഗങ്ങളില്‍നിന്ന് നവകേരള സദസ്സിലേക്ക് വരുന്ന ബസുകള്‍, സ്കൂള്‍ ബസുകള്‍, ടെമ്ബോ ട്രാവലര്‍, കാറുകള്‍, മറ്റു ചെറിയ വാഹനങ്ങള്‍ എന്നിവയെല്ലാം നാദാപുരം ബസ് സ്റ്റാൻഡില്‍ ആളെ ഇറക്കിയശേഷം ചാലപ്പുറം റോഡിലേക്ക് കയറ്റി റോഡിന്റെ ഇടതുഭാഗത്ത് പാര്‍ക്ക് ചെയ്യണം.
• ഇരിങ്ങണ്ണൂര്‍, പാറക്കടവ്, ചെക്ക്യാട് ഭാഗങ്ങളില്‍നിന്ന് നവകേരള സദസ്സിലേക്ക് വരുന്ന ബസുകള്‍. സ്കൂള്‍ ബസുകള്‍, ടെമ്ബോ ട്രാവലര്‍, കാറുകള്‍ മറ്റു ചെറിയ വാഹനങ്ങള്‍ എന്നിവ നാദാപുരം എം.ആര്‍.എ ബേക്കറി, പാര്‍ക്കോ ജ്വല്ലറി ഭാഗങ്ങളില്‍ ആളെ ഇറക്കി വടകര ഭാഗത്തേക്ക് പോയി ശാദുലിറോഡില്‍ ഇടതുവശം പാര്‍ക്ക് ചെയ്യണം.
• വാണിമേല്‍, വളയം ഭാഗത്തുനിന്നും നവകേരള സദസ്സിലേക്ക് വരുന്ന ബസുകള്‍, സ്കൂള്‍ ബസുകള്‍, ടെമ്ബോ ട്രാവലര്‍, കാറുകള്‍, ചെറിയ വാഹനങ്ങള്‍ എന്നിവ വിംസ് ആശുപത്രി ഭാഗങ്ങളില്‍ ആളുകളെ ഇറക്കി ആവോലം, പേരോട്, ഭാഗത്തെ മെയിൻ റോഡില്‍ ഇടതു വശത്ത് പാര്‍ക്ക് ചെയ്യണം.
• നരിപ്പറ്റ, കുവ്വക്കാട് അമ്ബലം ഭാഗത്തുനിന്നും നവകേരള സദസ്സിലേക്ക് വരുന്ന ബസുകള്‍, സ്കൂള്‍ ബസുകള്‍, ടെമ്ബോ ട്രാവലര്‍, കാറുകള്‍, മറ്റു ചെറിയ വാഹനങ്ങള്‍ എന്നിവ ഇതേ റോഡില്‍ ആളെ ഇറക്കി റോഡിന്റെ ഇടതുവശത്ത് പാര്‍ക്ക് ചെയ്യണം.
‘നവകേരള സദസ്സിന് വേളം ഗ്രാമപഞ്ചായത്ത് പണം നല്‍കില്ല’; എല്‍.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി
വേളം: മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന നവകേരള സദസ്സിന്റെ ചെലവിലേക്കായി ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് പണം നല്‍കേണ്ടതില്ലെന്ന് ഭരണസമിതി യോഗം തീരുമാനിച്ചു. നിത്യനിദാന ചെലവുകള്‍ക്കുപോലും പണമില്ലാതെ ബുദ്ധിമുട്ടുമ്ബോള്‍ ഇത്തരം അനാവശ്യ പരിപാടികള്‍ക്ക് പണം നല്‍കാനാകില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ പറഞ്ഞു.
പരിമിതമായ വരുമാനം മാത്രമുള്ള വേളം പഞ്ചായത്തിന് താങ്ങാനാകാത്തതാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും അറിയിച്ചു. എല്‍.ഡി.എഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് തീരുമാനം എടുത്തത്.
അതിനിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിനെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ പരാമര്‍ശം നടത്തി എന്നാരോപിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ സുമ മലയില്‍, മെംബര്‍മാരായ പി.എം. കുമാരൻ, ബീന കോട്ടേമ്മല്‍, അഞ്ജന സത്യൻ, ഷൈനി കെ.കെ എന്നിവര്‍ സംസാരിച്ചു.