ഇന്ത്യയില്‍ ഉപഗ്രഹ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാൻ വണ്‍വെബ്ബിന് അനുമതി

രാജ്യത്ത് ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനങ്ങള്‍ ആരംഭിക്കാൻ ‘വണ്‍വെബ്ബ് ഇന്ത്യ’യ്ക്ക് അനുമതി. ഭാരതി എയര്‍ടെല്‍ പ്രധാന നിക്ഷേപകരായ യൂടെല്‍സാറ്റ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് വണ്‍വെബ്ബ്.

ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കാൻ ആദ്യമായി അനുമതി ലഭിക്കുന്ന സ്ഥാപനമാണിത്. സ്വകാര്യമേഖലയില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച്‌ എജൻസിയായ ഇൻ-സ്പേസ് ആണ് വണ്‍ വെബ്ബിന് സേവനം ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ സ്പെക്‌ട്രം അനുവദിക്കുന്നതോടെ വണ്‍ വെബ്ബിന് ഇന്ത്യയില്‍ സേവനം ആരംഭിക്കാനാകും.

ഇന്ത്യയില്‍ വാണിജ്യ ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചതില്‍ സന്തോഷമുണ്ടെന്ന് യൂടെല്‍സാറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് വൈസ് പ്രസിഡന്റും ഭാരതി ഗ്രൂപ്പ് ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ഇന്ത്യയുടെ അഭിലാഷം നിറവേറ്റുന്നതിനുള്ള നിര്‍ണായക ചുവടുവയപ്പാണിത്. വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അന്തിമ സ്പെക്‌ട്രം അംഗീകാരം ലഭിച്ചാലുടൻ യൂട്ടെല്‍ സാറ്റ് വിന്യസിക്കാൻ തയ്യാറാണെന്നും സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാനുള്ള ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ശ്രമിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇന്ത്യൻ ബഹുരാഷ്ട്രകമ്ബനിയായ ഭാരതി ഗ്ലോബലും ഫ്രാൻസിലെ ഉപഗ്രഹ അധിഷ്ടിത സേവനദാതാക്കളായ യൂടെല്‍ സാറ്റും യു.കെ. സര്‍ക്കാരുമാണ് വണ്‍ വെബ്ബിലെ പ്രധാന നിക്ഷേപകര്‍. 2023-ല്‍ യൂടെല്‍ സാറ്റ് വണ്‍വെബ്ബില്‍ പൂര്‍ണമായി ലയിക്കുകയും യൂടെല്‍ സാറ്റ് ഗ്രൂപ്പ് എന്ന കമ്പനി ആരംഭിക്കുകയും ചെയ്തു. ഈ കമ്പനിക്ക് കീഴിലായിരിക്കും യൂടെല്‍സാറ്റ്, യൂടെല്‍സാറ്റ് വണ്‍വെബ്ബ് സേവനങ്ങള്‍ പ്രവര്‍ത്തിക്കുക.