കൊല്ലം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കിടപ്പുരോഗിയായ പിതാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി.
കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ ഓട്ടോഡ്രൈവറായ എസ്.അനില്‍കുമാറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മാതാവ് വസുമതിയുടെ (72) കണ്‍മുന്നില്‍ വച്ചാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. അക്രമം നടത്തിയ ശേഷം വീട്ടില്‍ നിന്ന് പുറത്തേക്ക് വന്ന അനില്‍കുമാറിനെ പരവൂര്‍ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബ വീട്ടിലെത്തിയ അനില്‍കുമാര്‍ വാര്‍ധക്യസഹജമായ അസുഖങ്ങളും കിഡ്നി രോഗവും കാരണം വര്‍ഷങ്ങളായി കിടപ്പിലായ അച്ഛൻ ശ്രീനിവാസനോട് തെൻറ മകന് വിദേശത്ത് പഠിക്കുവാനുള്ള തുകയും പുതിയതായി വാങ്ങിയ ഓട്ടോക്ക് നല്‍കാൻ ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു. ഇത്, വഴക്കിലേക്ക് വഴിമാറി. ഇതിനിടെ, അനില്‍കുമാര്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ശ്രീനിവാസെൻറ ദേഹത്തേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയം അനില്‍കുമാറിന്റെ മാതാവും ശ്രീനിവാസനെ പരിചരിക്കാനെത്തിയ ഹോം നഴ്സും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കിടപ്പുരോഗിയായതിനാല്‍ കട്ടിലില്‍നിന്ന് നീങ്ങി മാറാൻ പോലും ശ്രീനിവാസന് കഴിയില്ല. മാതാവ് വസുമതിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഭര്‍ത്താവിനെ മകൻ തീകൊളുത്തി കൊലപ്പെടുത്തുന്നത് കണ്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ. അടുക്കളയിലായിരുന്ന ഹോം നഴ്സ് സംഭവം കണ്ടു നിലവിളിച്ചതോടെ അനില്‍കുമാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. സംഭവം അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.