യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു

വാഷിങ്ടണ്‍: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെന്റി ആല്‍ഫ്രഡ് കിസിഞ്ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. കണക്ടിക്കുട്ടിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം.നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, രാഷ്ട്രീയ തത്വചിന്തകൻ എന്നീ നിലകളിലും അറിയപ്പെട്ടു.

പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി എപ്പോഴും നിലകൊണ്ടു. 1969 മുതല്‍ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവര്‍ത്തനകാലം. യുദ്ധക്കൊതിയൻ എന്ന് വിളിപ്പേരുള്ള കിസിഞ്ജര്‍ അമേരിക്കയുടെ ശീതകാലയുദ്ധതന്ത്രങ്ങളുടെ ശില്‍പി എന്നാണ് അറിയപ്പെട്ടത്.

ജര്‍മനിയിലെ ജൂത കുടുംബത്തിലാണ് ജനിച്ചത്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമാരായ റിച്ചാര്‍ഡ് നിക്സന്‍ പിന്‍ഗാമി ജെറാള്‍ഡ് ഫോഡ് എന്നിവര്‍ക്ക് കീഴില്‍ വിദേശകാര്യസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിക്സന്റെ ഭരണകാലത്ത് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരനാണിദ്ദേഹം.

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തതിന് 1973ല്‍ വിയറ്റ്നാം ജനറല്‍ ആയിരുന്ന ലെ സുക് തോയ്ക്കൊപ്പം സമാധാന നൊബേല്‍ പുരസ്കാരം പങ്കിട്ടു. പാരീസ് സമാധാന ഉടമ്ബടിയുടെ പേരിലായിരുന്നു ഇരുവര്‍ക്കം പുരസ്‌കാരം. എന്നാല്‍ ലെ ദുക് തോ പുരസ്കാരം നിരസിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മേയ് 27നായിരുന്നു 100ാം പിറന്നാള്‍ ആഘോഷിച്ചത്. നാൻസി മാഗിന്നസ് കിസിഞ്ചര്‍ ആണ് ഭാര്യ. ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട്.