എസ്.എഫ്.ഐയുടെ പ്രതിഷേധ ബാനര്‍ നീക്കാൻ നേരിട്ടിറങ്ങി ഗവര്‍ണര്‍; എസ്.പിയോട് ക്ഷുഭിതനായി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ തനിക്കെതിരെ എസ്.എഫ്.ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനര്‍ നീക്കാൻ നേരിട്ടിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.

സര്‍വകലാശാല ഗസ്റ്റ്ഹൗസിന്‍റെ മുമ്ബില്‍വെച്ച്‌ മലപ്പുറം എസ്.പിയോട് ക്ഷുഭിതനായ ഗവര്‍ണര്‍ ബാനര്‍ നീക്കം ചെയ്യാൻ കര്‍ശന നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ ബാനറുകള്‍ നീക്കില്ലേയെന്ന് ഗവര്‍ണര്‍ എസ്.പിയോട് ചോദിച്ചു. എസ്.എഫ്.ഐ അല്ല സര്‍വകലാശാല ഭരിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവര്‍ണറുടെ വിമര്‍ശനത്തിന് പിന്നാലെ ബാനര്‍ നീക്കം ചെയ്യാൻ എസ്.പിയുടെ നിര്‍ദേശ പ്രകാരം പൊലീസ് ഉദ്യോഗസ്ഥര്‍ ബാനര്‍ നീക്കം ചെയ്തു.

അതിനിടെ, സര്‍വകലാശാല വൈസ് ചാൻസലറിനോടും ഗവര്‍ണര്‍ ക്ഷുഭിതനായി. കൂടാതെ, വിശദീകരണം തേടാനായി വി.സിയെ ഗസ്റ്റ് ഹൗസിലേക്ക് ഗവര്‍ണര്‍ വിളിപ്പിച്ചു.

‘സംഘി ചാൻസലര്‍ വാപ്പസ് ജാവോ’ എന്ന് കറുത്ത തുണിയില്‍ എഴുതിയ ബാനറാണ് എസ്.എഫ്.ഐ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. കോഴിക്കോട്ടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സര്‍വകലാശാലയില്‍ തിരിച്ചെത്തിയപ്പോഴാണ് ഗവര്‍ണര്‍ കാമ്ബസിലെ ബാനര്‍ കണ്ടത്. ഇതോടെ ഉടൻ ഇത് നീക്കാൻ ഗവര്‍ണര്‍ ഉദ്യോഗസ്ഥരോടും സര്‍വകലാശാല അധികൃതരോടും ആവശ്യപ്പെടുകയായിരുന്നു.