ആറ്റുകാല്‍ അയ്യപ്പനാശാരി കൊലക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ

തിരുവനന്തപുരം : ആറ്റുകാല്‍ മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ(52) വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ.

ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറില്‍ ചെല്ല പെരുമാള്‍ പിള്ള മകൻ കടച്ചില്‍ അനി എന്നു വിളിക്കുന്ന അനില്‍കുമാര്‍ ജീവപര്യന്തം കഠിന തടവിനും 16,22,500 രൂപ പിഴയും അടക്കണമെന്നാണ് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് ജഡ്ജ് പ്രസൂണ്‍ മോഹൻ ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമേ നിയമവിരൂദ്ധമായ സംഘം ചേരല്‍, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയ്യേറ്റം, വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് 30 വര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴ അടക്കാത്തപക്ഷം മൂന്ന് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.

കേസിലെ കൂട്ടുപ്രതികളായ രണ്ട് മുതല്‍ ഒൻപത് വരെയുളള പ്രതികള്‍ക്ക് നിയമവിരൂദ്ധമായ സംഘം ചേരല്‍, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയ്യേറ്റം, വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് 30 വര്‍ഷം വീതം കഠിനതടവും 1,22,500 രൂപ വീതം പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക മരണപ്പെട്ട അയ്യപ്പനാചാരിയുടെ ആശ്രിതര്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കൊല്ലപ്പെട്ട അയ്യപ്പൻ ആശാരിയുടെയും സഹോദരൻ രാജഗോപാല്‍ ആചാരിയുടെയും ആശ്രിതര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി യിലൂടെ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീൻ, അഡ്വ. അഖിലാ ലാല്‍, അഡ്വ.ദേവികാ മധു എന്നിവര്‍ ഹാജരായി.

കമലേശ്വരം ബലവാൻ നഗറില്‍ ചെല്ല പെരുമാള്‍പിള്ള മകൻ കടച്ചില്‍ അനിയെന്ന് വിളിക്കുന്ന അനില്‍കുമാര്‍(45), മണക്കാട് കളിപ്പാൻകുളം കഞ്ഞിപ്പുരയില്‍ താമസം സുബ്ബയാപിള്ള മകൻ ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനില്‍കുമാര്‍(41), സുനിയുടെ സഹോദരൻ അനില്‍ എന്ന് വിളിക്കുന്ന അനില്‍കുമാര്‍(45), കഞ്ഞിപ്പുര തോപ്പുവിളാകം വീട്ടില്‍ ചന്ദ്രൻ മകൻ മനോജ്(38), കളിപ്പാംകുളം കഞ്ഞിപ്പുരയില്‍ കൃഷ്ണൻ കുട്ടി മകൻ ഉണ്ണി(41), കളിപ്പാംകുളം കഞ്ഞിപ്പുരയില്‍ നാരായണപിള്ള മകൻ ഗോവര്‍ദ്ധൻ എന്ന് വിളിക്കുന്ന സതീഷ് കുമാര്‍(43),കളിപ്പാംകുളം കഞ്ഞിപ്പുരയില്‍ ശ്രീകണ്ഠൻ നായര്‍ മകൻ പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ്(41), കളിപ്പാംകുളം കഞ്ഞിപ്പുരയില്‍ തോപ്പുവിളാകം വീട്ടില്‍ ചന്ദ്രൻ മകൻ സന്തോഷ്(42),കളിപ്പാംകുളം കഞ്ഞിപ്പുരയില്‍ ചന്ദ്രൻ മകൻ ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്(38), എന്നിവരാണ് ഒന്നു മുതല്‍ ഒൻപത് വരെ പ്രതികള്‍.

19 പ്രതികളുണ്ടായിരുന്ന കേസില്‍ വിചാരണ ആരംഭിച്ചത് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വിചാരണ തുടങ്ങും മുമ്ബ് കേസിലെ കൂട്ടുപ്രതികളായ കളിപ്പാൻകുളം കഞ്ഞിപ്പുര നിവാസികളായ ശ്രീകണ്ഠൻ നായര്‍ മകൻ സനോജ്, സുലോചനൻ നായര്‍ മകൻ പ്രകാശ്, ചന്ദ്രൻ മകൻ സുരേഷ് എന്നിവര്‍ മരണപ്പെട്ടു. 16 പ്രതികളാണ് വിചാരണ നേരിട്ടത്. ഏഴ് പ്രതികളെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

2004 ആഗസ്റ്റ് 28 തിരുവോണ ദിവസമാണ് ആറ്റുകാല്‍ മേടമുക്ക് മുത്താരമ്മൻ കോവിലിന് സമീപം അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്.ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്ത പൂക്കളത്തിന് പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണക്കാട് സ്പാൻ ആശുപത്രിക്ക് സമീപം പൂക്കട നടത്തിയിരുന്ന പൂക്കട രാജേന്ദ്രൻ എന്നയാളിൻ്റെ കടയില്‍ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന്‍ സതീഷും സുഹൃത്ത് കുതിരസനല്‍ എന്നു വിളിക്കുന്ന സനലും പൂക്കള്‍ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്തുകെണ്ട് രാജേന്ദ്രെൻറ സുഹൃത്ത് കേസിലെ ഒന്നാം പ്രതി കടച്ചല്‍ അനി എന്ന അനിയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് സതീഷിനെ ആക്രമിക്കുകയും,ആര്‍. എസ്. എസ് നേതാവ് രാജഗോപാല്‍ ആശാരിയുടെ വീടിനുള്ളില്‍ അതിക്രമിച്ച്‌ കയറി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും,രാജഗോപാല്‍ ആശാരിയേയും സഹോദരപുത്രന്‍മാരായ സതീഷ്,രാജേഷ് എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും, ആക്രമണം തടയാൻ ശ്രമിച്ച രാജഗോപാല്‍ ആശാരിയുടെ സഹോദരന്‍ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു.

കേസിലെ നിര്‍ണായക ദൃക് സാക്ഷിയും സംഭവത്തില്‍ പരിക്കേറ്റയാളുമായ രാജഗോപാല്‍ ആശാരിയും, ഭാര്യ സരസ്വതിയും വിചാരണക്ക് മാസങ്ങള്‍ക്ക് മുമ്ബ് മരണപ്പെട്ടിരുന്നു. മറ്റൊരു ദൃക്സാക്ഷിയായ രാജഗോപാല്‍ ആശാരിയുടെ മകളും സംഭവ സമയം 12 വയസ് പ്രായമുണ്ടായിരുന്ന പ്രിയയുടെ മൊഴിയാണ് കേസില്‍ നിര്‍ണായക തെളിവായത്. സംഭവത്തില്‍ പരിക്കേറ്റ അയ്യപ്പനാശാരിയുടെ മകൻ സതീഷ്, രാജേഷ് എന്നിവര്‍ കേസിലെ എല്ലാ പ്രതികളേയും അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. അയ്യപ്പനാശാരിയുടെ മരണത്തിന് ഇടയാക്കിയ മുറിവ് ഉണ്ടാക്കാന്‍ ഒന്നാം പ്രതി കടച്ചല്‍ അനി ഉപയോഗിച്ച്‌ വാള്‍ മുന്‍ ഫോറന്‍സിക് വിദഗ്ദ ഡോ.ശശികല കോടതിയില്‍ തിരിച്ചറിഞ്ഞു. അയ്യപ്പനാശാരിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത പോലീസ് അഡീഷണല്‍ സബ് ഇൻസ്പക്ടറും,ദൃക്സാക്ഷിയായെത്തിയ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ അയ്യപ്പനും വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. അയ്യപ്പനാശാരിയുടെ സഹോദരൻ രാജഗോപാലിൻ്റെ പ്രഥമ വിവര മൊഴി രേഖപ്പെടുത്തിയത് അന്നത്തെ ഫോര്‍ട്ട് പോലീസ് എ. എസ്.ഐ.ശ്രീധരൻ നായരായിരുന്നു. വിചാരണ വേളയില്‍ പരസ്പര വിരുദ്ധമായി മൊഴി നല്‍കി പ്രതികള്‍ക്ക് അനുകൂലമായി കുറുമാറുകയായിരുന്നു. രാജഗോപാലിന്റെ ഉറ്റ സുഹൃത്തും ആറ്റുകാല്‍ സ്വദേശിയുമായ ഒട്ടോ റിക്ഷ ഡ്രൈവര്‍ അയ്യപ്പൻ താന്‍ രാജഗോപാലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇരുട്ടായിരുന്നതിനാല്‍ സംഭവങ്ങള്‍ നേരിട്ട് കാണാന്‍ പറ്റിയില്ലെന്ന്് പറഞ്ഞ് കോടതിയില്‍ മൊഴി നല്‍കി കൂറുമാറുകയായിരുന്നു.

28 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.82 രേഖകളും 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. മൂന്ന് സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചിരുന്നു. ഫോര്‍ട്ട് പോലീസ് സര്‍ക്കിള്‍ ഇൻസ്പക്ടറായും തുടര്‍ന്ന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഐ.ജിയായി വിരമിച്ച റ്റി.എഫ്.സേവ്യര്‍.ഐ.പി.എസ് ആണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്. ഏഴ് പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീൻ അറിയിച്ചു.