തോരാ മഴ

തിരുവനന്തപുരം: ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച്‌ ഞായര്‍ പകല്‍ മുഴുവൻ തുടര്‍ന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്.

ശക്തികുറഞ്ഞ മഴയായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, നദികളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ജില്ലയില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍, കടലോരപ്രദേശങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കലക്ടര്‍ നിരോധിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് സാധ്യതയുണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പേപ്പാറ, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

നഗരത്തില്‍ ആമയിഴഞ്ചാൻ തോട്ടിലടക്കം ജലനിരപ്പുയര്‍ന്നു. എന്നാല്‍, കഴിഞ്ഞമാസം ഉണ്ടായപോലെ വലിയ വെള്ളക്കെട്ട് രൂപപ്പെടാതിരുന്നത് നഗരവാസികള്‍ക്ക് ആശ്വാസമായി. സ്മാര്‍ട്ട് സിറ്റി പദ്ധിയുടെ ഭാഗമായി റോഡുകള്‍ പൊളിച്ചയിടങ്ങളില്‍ മഴകൂടി പെയ്തതോടെ ചളിനിറഞ്ഞ് കാല്‍നടപോലും ദുഷ്കരമായിട്ടുണ്ട്. പുനര്‍നിര്‍മാണം നടക്കുന്ന മണക്കാട്- കല്ലാട്ടുമുക്ക് റോഡിലും മഴയില്‍ ചളിക്കെട്ട് രൂപപ്പെട്ടത് വാഹന-കാല്‍നടയാത്രക്ക് ബുദ്ധിമുട്ടായി.

ആശങ്കയൊഴിയാതെ നഗരവാസികള്‍

മെഡിക്കല്‍ കോളജ്: മഴ ശക്തമാകാത്തത് ആശ്വാസത്തിനിട നല്‍കിയെങ്കിലും ആശങ്കയൊഴിയതെ നഗരവാസികള്‍. ആഴ്ചകള്‍ക്ക് മുമ്ബ് പെയ്ത മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ഏറെക്കുറെ വെള്ളത്തിനടിയിലാകുകയായിരുന്നു.

കണ്ണമ്മൂല, തേക്കുംമൂട് ബണ്ട് കോളനി, ഗൗരീശപട്ടം, മരുതന്‍കുഴി, വട്ടിയൂര്‍ക്കാവ് മുന്നാംമൂട്, പട്ടം കോസ്‌മോ ലെയിന്‍ , കടലോര പ്രദേശങ്ങളായ പൂന്തുറ, വലിയതുറ, ഓള്‍സെയിന്റ്‌സ്, വെട്ടുകാട്, വേളി തുടങ്ങിയ ഭാഗങ്ങളിലെ അറുനൂറിലേറെ വീടുകളിലാണ് അന്ന് വെള്ളം കയറിയത്.

ഞായറാഴ്ചത്തെ മഴ ദിവസം മുഴുവൻ തുടര്‍ന്നെങ്കിലും ശക്തി കുറവായിരുന്നത് കാര്യമായ നാശനഷ്ടങ്ങള്‍ ഒഴിവാക്കി. ഇനിയുള്ള ദിവസം മഴയുടെ ഗതി എന്താകുമെന്ന ആശങ്കയിലാണ് പലകുടുംബങ്ങളും.

നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി

കാട്ടാക്കട: തോരാതെ പെയ്ത മഴയെതുടര്‍ന്ന് നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഒരുമീറ്ററോളം വെള്ളമാണ് ഉയര്‍ന്നത്. ഞായറാഴ്ച വൈകീട്ടോടെ 84.1മീറ്ററിലെത്തി. തുടര്‍ന്ന് നെയ്യാര്‍ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകളും 60 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി. ഇതോടെ നെയ്യാറും നിറഞ്ഞൊഴുകി തുടങ്ങി. മഴ ശക്തമായാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്നും നെയ്യാറിന്‍റെ ഇരുകരകളിലുമുള്ള വര്‍ ജാഗ്രത പുലര്‍ത്തണമെന്നും നെയ്യാര്‍ഡാം ഇറിഗേഷന്‍ എൻജിനീയര്‍ അരുണ്‍ അറിയിച്ചു.

നെയ്യാറും കരമനയാറും നിറഞ്ഞൊഴുകുകയാണ്. കൈതോടുകളും കാര്യോട് കുമ്ബിള്‍ മൂടും നിറഞ്ഞൊഴുകി തുടങ്ങിയതോടെ നിരവധി വീടുകള്‍ വെള്ളംപൊക്ക ഭീഷണിയിലാണ്. കോട്ടൂര്‍, ഉത്തരംകോട് മേഖലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി. കോട്ടൂര്‍ സെറ്റില്‍മെന്‍റ് പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വനത്തിലുണ്ടായിരുന്ന വാഹനങ്ങള്‍ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി.

കാട്ടാക്കട, കുറ്റിച്ചല്‍, കള്ളിക്കാട്, അമ്ബൂരി, മാറനല്ലൂര്‍, പൂവച്ചല്‍ ഗ്രാമപഞ്ചായത്തുകളിലെ നിരവധി റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളംകയറി.

ഇക്കോ ടൂറിസം സെന്ററുകള്‍ അടച്ചു

തിരുവനന്തപുരം: മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകള്‍ താല്‍ക്കാലികമായി അടച്ചു. വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം സെന്ററുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ഐ പ്രദീപ് കുമാര്‍ അറിയിച്ചു.

മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു

വലിയതുറ: വള്ളക്കടവില്‍ മരം കടപുഴകി വൈദ്യൂതി ലെയിനിനു മുകളിലൂടെ വീണതിനെതുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വളളക്കടവ് പുത്തന്‍പാലം സംഗമം റസിഡന്‍സ് അസോസിയേഷനിലെ ആളൊഴിഞ്ഞ പറമ്ബില്‍നിന്നിരുന്ന വന്‍ മരമാണ് മഴയില്‍ കടപുഴകി വീണത്. വൈദ്യുതി ലെയിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാട്ടുകാര്‍ ആറിയിച്ചതിനെതുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് ചാക്ക ഫയര്‍സ്റ്റേഷനില്‍നിന്ന് ഗ്രേഡ്.അസി.സ്റ്റേഷന്‍ ഓഫിസര്‍ നൗഷാദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ ശരത്, ഷമീം, ഷെറിന്‍, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു മണിയ്ക്കൂര്‍ സമയം ചിലവഴിച്ചാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അവലോകന യോഗം

തിരുവനന്തപുരം: മഴയുടെ പശ്ചാത്തലത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മേയര്‍ ആര്യ രാജേന്ദ്രനും മറ്റു വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച്‌ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി.

അടിയന്തര സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും അത് നേരിടാൻ സജ്ജരായിരിക്കൻ കലക്ടര്‍ നിര്‍ദേശം നല്‍കി.