കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരൻ മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം. കുറുവാദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാക്കം സ്വദേശി വി.പി.പോള്‍ ആണ് മരിച്ചത്. കുറുവാദ്വീപിലെ വാച്ചറാണ് പോള്‍.

കാട്ടാനയുടെ ആക്രമണത്തില്‍ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്ന് രാവിലെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. വയനാട്ടില്‍ ഒരാഴ്ചക്കിടെ രണ്ടാമത്തെയാളുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തില്‍ നഷ്ടമാകുന്നത്.

കുറുവാ ദ്വീപ് വന സംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്ക് പോകുമ്ബോഴാണ് ആനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടത്. ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണ പോളിന്റെ നെഞ്ചില്‍ പിന്നാലെ വന്ന കാട്ടാന ചവിട്ടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

അടിയന്തര ശസ്ത്രക്രിയ നടത്തിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സാനിയാണ് ഭാര്യ. മകള്‍: സോന (പത്താം ക്ലാസ് വിദ്യാർഥിനി).