ബാങ്ക് മാനേജരുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണം കവര്‍ന്നകേസ്; മാനേജര്‍ക്ക് തന്നെ പങ്കുണ്ടോയെന്ന് അന്വേഷിച്ച്‌ പൊലീസ്

ഇടുക്കി: മൂവാറ്റുപുഴയില്‍ സ്വകാര്യ ബാങ്ക് മാനേജരെ കണ്ണില്‍ മുളകുപൊടി വിതറി സ്വർണം കവർന്ന കേസില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.പ്രദേശത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാങ്ക് മാനേജർക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

മൂവാറ്റുപുഴ ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വാഴപ്പള്ളിയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെയാണ് ആക്രമിച്ചത്. കണ്ണില്‍ മുളക്പൊടി വിതറി ഇരുപത്തി ആറ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് രണ്ടംഗം സംഘം കവർന്നത്. മറ്റൊരു ബാങ്കില്‍ നിന്നും ടേക്ക് ഓവർ ചെയ്ത സ്വർണവുമായി ബാങ്കിലേക്ക് പോകുകയായിരുന്നു രാഹുല്‍. തൃക്ക ക്ഷേത്രത്തില്‍ നിന്നും ചില്ലറ പൈസ കളക്‌ട് ചെയ്യുന്നതിനായി പോകുമ്ബോള്‍ പുറകെ എത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. സംഘം രാഹുലിനെ മറികടന്ന് പോയതിനുശേഷം തിരികെയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്.

ഹെല്‍മറ്റ് ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. സംഭവം നടന്ന ഭാഗത്ത് സിസിടിവികളില്ല. ക്ഷേത്ര പരിസരത്ത് സിസിടിവി ഉണ്ടെങ്കിലും ഇവിടേക്കെത്തിയിട്ടില്ലെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. പ്രതികള്‍ പോയ ഭാഗത്തുള്ള സിസിടിവകളില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിക്കുമോയെന്നാണ് പൊലീസിപ്പോള്‍ പരിശോധിക്കുന്നത്. ഒപ്പം രാഹുലിനെ വിശദമായി പൊലീസ് ചോദ്യം ചെയ്യുന്നുമുണ്ട്.