പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ആറാം ക്ലാസുകാരിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച്‌ ലൈംഗികാതിക്രമത്തിന് ശ്രമിച്ച ചാത്തമംഗലം എൻ.ഐ.ടി കാമ്ബസിലെ പുല്ലാവൂർ മടപ്പള്ളി മേലെക്കുന്നത്ത് എം.പി.ഹരീഷിനെ(40)നടക്കാവ് പൊലീസ് ഇൻസ്പെക്ടർ എം.ജെ. ജീജൊ അറസ്റ്റുചെയ്തു.

പെണ്‍കുട്ടി ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ പ്രദേശത്തെ വിവാഹിതരായ രണ്ടുപേരുടെ ഫോട്ടോ കാണിച്ചാല്‍ തിരിച്ചറിയാൻ പറ്റുമോ എന്നു പെണ്‍കുട്ടിയോട് ചോദിച്ചു. സമ്മതം മൂളിയ പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയായിരുന്നു. ഓടാൻ ശ്രമിച്ച പെണ്‍കുട്ടിയെ തടഞ്ഞുനിർത്തി അശ്ലീലം പറയുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തു.

പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. അടുത്തദിവസം മാതൃപിതാവും പെണ്‍കുട്ടിയെ പിന്തുടർന്നു. യൂനിഫോം മാറി സാദാ വസ്ത്രമണിഞ്ഞ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ യുവാവ് സമാനരീതിയില്‍തന്നെ പെരുമാറാൻ തുടങ്ങി. യുവാവിനെ പിടികൂടാൻ മാതൃപിതാവും നാട്ടുകാരും ശ്രമിച്ചെങ്കിലും കടന്നുകളഞ്ഞു. സി.സി ടി.വി പരിശോധിച്ചതില്‍നിന്ന് ഇയാളെക്കുറിച്ച്‌ മനസ്സിലാക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ പിടികൂടി അറസ്റ്റ് രേഖെപ്പടുത്തി. സബ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയതത്.