രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ സംവിധാനം അവതരിപ്പിച്ച് കേന്ദ്രസർക്കാർ.
തട്ടിപ്പുകാരുടെ സിം കണക്ഷനുകള്‍ വിഛേദിക്കാനുള്ള ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമും പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായുള്ള ചക്ഷു പ്ലാറ്റ്‌ഫോമും ആണ് കേന്ദ്രസർക്കാർ ആരംഭിച്ചത്.
സൈബർ നിയമലംഘനങ്ങള്‍ തടയുന്നതിനായുള്ള സംയോജിത പ്ലാറ്റ്‌ഫോമാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (ഡിഐപി).നിലവില്‍ വിവിധ പ്ലാറ്റ്‌ഫോമുകള്‍ സൈബർ നിയമലംഘനത്തിന്റെ പേരില്‍ ചില നമ്ബറുകള്‍ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ ബ്ലോക് ചെയ്യാറുണ്ട്. എന്നാല്‍ ഇതേ നമ്ബർ ഉപയോഗിച്ച് തട്ടിപ്പുകാർ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ വെട്ടിപ്പ് തുടരുകയാണ് പതിവ്. ഇത് തടയാനായി ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ഡിഐപി ആരംഭിച്ചിരിക്കുന്നത്.
അതായത് നിയമലംഘനത്തിന്റെ പേരില്‍ വാട്‌സാപ് ബ്ലോക്ക് ചെയ്യുന്ന നമ്ബറുകള്‍ കമ്ബനിയുടെ പ്രതിനിധി ഡിഐപിയില്‍ പ്രസിദ്ധീകരിക്കും. തുടർന്ന് ടെലികോം കമ്ബനികള്‍ ഈ കണക്ഷനുകളുടെ റീ-വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണം. റീ-വെരിഫിക്കേഷനില്‍ വീഴ്ച കണ്ടാല്‍ ഈ നമ്ബർ പൂർണമായും വിഛേദിക്കും.
കേന്ദ്ര ടെലികോം വകുപ്പ് പൊതുജനങ്ങളെ കേന്ദ്രീകരിച്ച് ഇതിനകം തയ്യാറാക്കിയിട്ടുള്ള സഞ്ചാർ സാഥി (https://sancharsaathi.gov.in) എന്ന പോർട്ടലില്‍ ചക്ഷു (Chakshu) എന്ന അധിക സേവനവും ഇപ്പോള്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. മൊബൈല്‍ ഫോണിലേക്കും വാട്ട്‌സാപ്പിലേക്കും മറ്റും വരുന്ന തട്ടിപ്പ് കോളുകളും സന്ദേശങ്ങളേയും കുറിച്ച് പൊതുജനങ്ങള്‍ക്ക് കേന്ദ്ര സർക്കാരിനെ അറിയിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ് ചക്ഷു
അതേസമയം ഇതിനകം പ്രവർത്തനക്ഷമമായ സഞ്ചാർ സാഥി എന്ന സംവിധാനത്തിലൂടെ ഒരു കോടി കണക്ഷനുകള്‍ വിഛേദിച്ചതായും ഒന്നരലക്ഷം ഹാൻഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്തതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മൊബൈല്‍ ഹാൻഡ്‌സെറ്റുകളുടെ ഐഎംഇഐ നമ്ബർ ബ്ലോക് ചെയ്യാനുള്ള സൗകര്യം സഞ്ചാർസാഥി പോർട്ടലിലുണ്ട് (sancharsaathi.gov.in). ഐഎംഇഐ നമ്ബർ ബ്ലോക് ചെയ്താല്‍ ഈ ഫോണ്‍ മറ്റ് സിം ഉപയോഗിച്ചും ഉപയോഗിക്കാനാവില്ല.