പള്ളിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ നിന്നും കരച്ചില്‍; ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് ലെ പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനിടെ സുരക്ഷാ ഗാര്‍ഡ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയും തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഇക്കാര്യം ഉടന്‍ ഷാര്‍ജ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പട്രോള്‍ കാറും ആംബുലന്‍സും സ്ഥലത്തെത്തി.

കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍ ഐസിയുവിലാണ്. കുഞ്ഞിന് ആവശ്യമായ ചികിത്സയും പരിചരണവും ആശുപത്രിയില്‍ നല്‍കുന്നുണ്ടെന്നും ശിശു സംരക്ഷണ സമിതിക്ക് കൈമാറും മുമ്ബ് വാക്‌സിനേഷനുകളും മെഡിക്കല്‍ ചെക്ക് അപ്പും പൂര്‍ത്തിയാക്കുമെന്നും പൊലീസ് അറിയിച്ചു.

ഉംറക്കിടെ മക്കയില്‍ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി

റിയാദ്: ഉംറ നിർ‍വഹിക്കുന്നതിനിടെ മക്കയില്‍ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി. മാർച്ച്‌ 31 മുതല്‍ കാണാതായ എറണാകുളം വാഴക്കാല തുരുത്തേപറമ്ബ് സ്വദേശിനി മറിയം നസീറിനെ (65) മസ്ജിദുല്‍ ഹറാമില്‍ വെച്ച്‌ തന്നെയാണ് ബുധനാഴ്ച കണ്ടെത്തിയത്.

റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫിനും മറ്റുമായി റിയാദില്‍നിന്നും ഉംറ സംഘത്തോടൊപ്പം മാർച്ച്‌ 28നാണ് ഇവർ മക്കയിലെത്തിയത്. മാർച്ച്‌ 31ന് റിയാദിലുള്ള മകൻ മനാസ് അല്‍ ബുഹാരിയെ വിളിച്ച്‌ താൻ ഖുർആൻ പാരായണത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണ്‍ ഓഫാക്കുകയായിരുന്നത്രെ. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടർന്ന് ഇവരെ അന്വേഷിച്ച്‌ റിയാദില്‍നിന്ന് മകൻ മക്കയിലെത്തിയിരുന്നു.