വെക്കേഷന്‍ ക്ലാസിന് ഒരു വിഭാഗം സ്കൂളുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകള്‍ക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി.രാവിലെ 7.30 മുതല്‍ 10.30 വരെയുള്ള സമയം ക്ലാസുകള്‍ നടത്താനാണ് അനുമതി. കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരളയടക്കം സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, അബ്ദുള്‍ ഹക്കിം എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

എന്നാല്‍ കേരള, വിദ്യാഭ്യാസ ചട്ടത്തില്‍ ഇതിന് വ്യവസ്ഥയില്ലെന്ന കാരണത്താല്‍ സർക്കാർ, എയ്ഡഡ് സ്കൂളുകള്‍ക്ക് വെക്കേഷൻ ക്ലാസിന് അനുമതിയില്ല. ഈ സ്കൂളുകളില്‍ ആവശ്യമെങ്കില്‍ സർക്കാരിന് പ്രത്യേക ഉത്തരവിറക്കി വെക്കേഷൻ ക്ലാസുകള്‍ നടത്താമെന്നും കോടതി വ്യക്തമാക്കി. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ വെക്കേഷൻ ക്ലാസുകള്‍ നടത്താമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.