ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഇലക്‌ട്രീഷ്യന് 20 വര്‍ഷം തടവുശിക്ഷ

 

മുംബൈ: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇലക്‌ട്രീഷ്യന് 20 വർഷം തടവുശിക്ഷ വിധിച്ച്‌ പ്രത്യേക പോക്സോ കോടതി.ഐസ്ക്രീം നല്‍കാമെന്ന് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടായിരുന്നു പീഡനം. 2019ല്‍ നടന്ന സംഭവത്തിലാണ് കോടതി 35കാരന് ശിക്ഷ വിധിച്ചത്. മുംബൈയിലാണ് സംഭവം നടന്നത്.

അമ്മയോടൊപ്പം അമ്മായിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. പ്രതിയായ ഇലക്‌ട്രീഷ്യൻ ഈ വീടിന്‍റെ താഴത്തെ നിലയിലായിരുന്നു താമസം. നാലര വയസ്സുകാരനായ കസിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഐസ്ക്രീം തരാമെന്ന് പറഞ്ഞ് പ്രതി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്ക് ഐസ്ക്രീം നല്‍കിയില്ലെന്ന് ആണ്‍കുട്ടി വീട്ടില്‍ വന്ന് പരാതി പറഞ്ഞു. വീട്ടുകാർ ആണ്‍കുട്ടി പറഞ്ഞത് ആദ്യം കാര്യമാക്കിയില്ല. അവള്‍ വരുമ്ബോള്‍ അവനുള്ള ഐസ്ക്രീം കൂടി കൊണ്ടുവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. പോയി കളിക്കാനും പറഞ്ഞു.

പിന്നീട് പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അമ്മ പുറത്തേക്കോടി. പ്രതിയുടെ മുറിയില്‍ നിന്നാണ് കുട്ടിയുടെ കരച്ചില്‍ എന്ന് മനസ്സിലാക്കി. വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറേനേരം മുട്ടിയപ്പോള്‍ മാത്രമാണ് പ്രതി വാതില്‍ തുറന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവു കണ്ടതോടെ അമ്മ പ്രതിയെ തല്ലി. നേരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

വിചാരണ നടക്കുമ്ബോള്‍ പെണ്‍കുട്ടിക്ക് എട്ട് വയസ്സാണ് പ്രായം. കുട്ടിയുടെ അമ്മയുടെയും അമ്മായിയുടെയും മൊഴി വിശ്വാസത്തിലെടുത്താണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. എന്നാല്‍ അടിക്കടി രണ്ട് വീട്ടുകാരും തമ്മില്‍ വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്നും തന്നെ കുട്ടിയുടെ അമ്മായി കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും പ്രതി വാദിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതിയുടെ വാദം തള്ളുകയും 20 വർഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു.