വിരുന്ന് സല്‍ക്കാരത്തിനെത്തി, നിമിഷങ്ങള്‍ക്കകം സഹോദരിമാര്‍ പുഴയില്‍ മുങ്ങി മരിച്ചു; ഞെട്ടല്‍ വിട്ടുമാറാതെ നാട്
മലപ്പുറം: മലപ്പുറം ഊരകം കാങ്കരക്കടവില്‍ സഹോദരിമാർ പുഴയില്‍ മുങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും നാല് പെണ്‍മക്കളില്‍ ഇളയ മക്കളായ മക്കളായ ബുഷ്റ (26), അജ്മല തെസ്‌നി (21) എന്നിവരാണ് ഇന്നലെ പുഴയില്‍ മുങ്ങിമരിച്ചത്.
6 മാസം മുൻപ് വിവാഹിതയായ അജ്മല തസ്‌നിയും സഹോദരി ബുഷ്‌റയും ഇന്നലെ രാവിലെയാണ് മൂത്ത സഹോദരി സൈനബയുടെ ഊരകം കോട്ടുമലയിലെ വീട്ടിലെത്തിയത്. ഇവിടെ വനിന്നാണ് അപകടത്തില്‍ പെടുന്നതും മരിയ്ക്കുന്നതും.
ഇളയ സഹോദരിമാരും കുട്ടികളും വൈകുന്നേരം നാലരയോടെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളികഴിഞ്ഞ് എല്ലാവരും കരക്ക് കയറിയെങ്കിലും കൂടെ ഉണ്ടായിരുന്ന ഒമ്ബത് വയസ്സുകാരൻ വീണ്ടും പുഴയിലിറങ്ങി. കുട്ടിയെ സഹോദരിമാർ ചേർന്ന് കരക്ക് കയറ്റി. ഇതിനിടെ സഹോദരിമാർ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികള്‍ അജ്മല തെസ്നിയെയും ബുഷ്റയേയും കാണാനില്ലെന്ന് പറഞ്ഞ് ബഹളം വെച്ച് കരയാൻ തുടങ്ങിയതോടെ ഓടിക്കൂടിയ നാട്ടുകാർ സഹോദരിമാരെ കരക്കെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സഹോദരിമാരുടെ ജീവൻ രക്ഷിക്കാനായില്ല. ഉമ്മറിന്റെ വീട്ടിലെ സല്‍കാരത്തിന്റെ സന്തോഷം മണിക്കൂറുകള്‍ക്കകം ദുഃഖമായി മാറുകയായിരുന്നു. സഹോദരിമാരുടെ വെട്ടുതോട്ടിലെ വീട്ടിലും ഇവരെ വിവാഹം ചെയ്ത് അയച്ച വലിയോറ ഐഷാബാദ്, ഇരിങ്ങല്ലൂർ കുഴിപ്പുറം എന്നിവിടങ്ങളില്‍കൂടി വാർത്ത എത്തിയതോടെ നാല് ഗ്രാമങ്ങള്‍ക്കും വേർപാടിന്റെ നൊമ്ബരമായി മാറി സഹോദരിമാരുടെ മരണം.
അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കരയോടടുത്ത് മണലെടുക്കാനായി കുഴിച്ച കുഴികളാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങള്‍ പതിയിരിക്കുകയാണ് ഇത്തരം സ്ഥലങ്ങളില്‍. ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ പോലും അപകടകരമായ രീതിയിലാണ് കുഴികളുള്ളത്. അതിനാലാണ് അപകടങ്ങള്‍ ഉണ്ടാവുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.