ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തില്‍ നിന്നും നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച് വജ്രങ്ങള്‍ കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.മുംബൈയില്‍ നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ വംശജനായ യുവാവില്‍ നിന്നാണ് 6.46 കോടി രൂപയോളം വില വരുന്ന വജ്രങ്ങള്‍ കണ്ടെത്തിയത്.
കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദേശ പൗരനില്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേർ വീതവും ബഹ്‌റൈൻ, ദോഹ, റിയാദ്, മസ്‌കറ്റ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്ന ഓരോരുത്തരില്‍ നിന്നുമായി 4.04 കോടി വിലവരുന്ന 6199 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമാന രീതിയില്‍ കള്ളക്കടത്ത് നടത്തിയ സ്വർണം മുംബൈ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിക്കാൻ സഹായിച്ചതിന് റെസ്റ്റോറന്റ് ജീവനക്കാരനായ യുവാവിനെ മുംബൈ കസ്റ്റംസിലെ എയർ ഇൻ്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. പാണ്ഡ്യൻ എന്നയാളാണ് പിടിയിലായത്. ഡിപ്പാർച്ചർ ഏരിയയില്‍ നിന്ന് സ്വർണം സ്വീകരിച്ച് പുറത്തുള്ള റാക്കറ്റിലെ അംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു പാണ്ഡ്യന്റെ ദൗത്യമെന്നാണ് റിപ്പോർട്ട്.