19-ാം വയസ് മുതല്‍ പ്രവാസി, ഒടുവില്‍ 66-ാം വയസില്‍ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

പാലക്കാട് : അറുപത്തിയാറാം വയസില്‍ കന്നിവോട്ട് ചെയ്ത് പ്രവാസി മലയാളി. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസില്‍ കന്നിവോട്ട് ചെയ്തത്.ചെറുകോട് എല്‍.പി.സ്‌കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

19-ാം വയസില്‍ വിദേശത്തേക്ക് പോയ വല്ലപ്പുഴ ചെറുകോട് വേളൂർ ഹംസക്ക് ഇന്ന് പ്രായം 66 ആണ്. രണ്ട് വർഷം മുൻപാണ് വിദേശത്ത് നിന്നുമെത്തി നാട്ടില്‍ സ്ഥിര താമസം തുടങ്ങിയത്. വിദേശത്ത് നിന്ന് അവധിയില്‍ വരുമ്ബോള്‍ നാട്ടില്‍ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല. പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ലീവെടുത്ത് നാട്ടിലെത്താനുളള സാഹചര്യവുമുണ്ടായിരുന്നില്ല. വോട്ടർ പട്ടികയില്‍ ആരും പേര് ചേർത്തിരുന്നുമില്ല.

അടുത്തിടെയാണ് വോട്ടർ പട്ടികയില്‍ പേര് ചേർത്തത്. ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയത്ത് ഹംസ നാട്ടില്‍ ഉണ്ടാവുന്നത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ തന്നെ കന്നിവോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹംസ. രാവിലെ എട്ടു മണിക്ക് ചെറുകോട് ഗവ.എല്‍.പി.സ്‌കൂളിലെ 148 നമ്ബർ ബൂത്തിലെത്തിയാണ് ഹംസ സമ്മതിദാനാവകാശം വിനിയോഗിച്ചത്.