കല്‍പറ്റ: അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.ആദ്യ വോട്ട് ചെയ്യാന്‍ ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. വയനാട്ടിലും ഈ ആവേശം പ്രകടനമായപ്പോള്‍ കന്നി വോട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടിക്ക് സ്നേഹസമ്മാനം നല്‍കിയാണ് ബൂത്തില്‍ നിന്ന് യാത്രയാക്കിയത്.
വയനാട്ടിലെ തരിയോടാണ് യുവ വോട്ടര്‍മാര്‍ക്ക് ആവേശം നല്‍കുന്ന ഈ കാഴ്‌ച കണ്ടത്. ‘ഞാൻ വോട്ട് ചെയ്യും ഉറപ്പായി’ എന്ന മുദ്രാവാക്യവുമായി സ്വീപ്പ് വയനാട് നടത്തുന്ന പ്രചരണത്തിന്‍റെ ഭാഗമായി തരിയോട് ഗവണ്‍മെൻറ് ഹയർ സെക്കന്‍ററി സ്കൂളിലെ ബൂത്ത് 112 ബൂത്ത് ലെവല്‍ ഓഫീസറും സ്വീപ്പ് പ്രതിനിധിയുമായ മനോജ് കണാഞ്ചേരി, കന്നി വോട്ടറായ ഗോവിന്ദുമോള്‍ ജിക്ക് കുരുമുളക് തൈ നല്‍കുകയായിരുന്നു. സെക്ടർ ഓഫീസർ ശശികല, കാവുംമന്ദം വില്ലേജ് എസ്.വി.ഒ. മിനി കെ.പി. എന്നിവർ ആശംസ അറിയിച്ചു. യുവ വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പ് അവബോധം കൂടുതലായി വളര്‍ത്തുന്നതിന്‍റെ ഭാഗമായായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ചിത്രവും വിശദവിവരങ്ങളും വയനാട് കലക്ടര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മികച്ച പോളിംഗാണ് വയനാട്ടില്‍ രേഖപ്പെടുത്തുന്നത്. രാവിലെ 11.35 വരെ 27.51 ശതമാനം വോട്ടുകള്‍ മണ്ഡലത്തില്‍ രേഖപ്പെടുത്തി. മാനന്തവാടി-27.01%. സുല്‍ത്താന്‍ ബത്തേരി-28.57%. കല്‍പറ്റ-27.62%, തിരുവമ്ബാടി-29.05%, ഏറനാട്-26.92%, നിലമ്ബൂര്‍-27.12%, വണ്ടൂര്‍-26.46% എന്നിങ്ങനെയാണ് വയനാട് ലോക്സഭ മണ്ഡലത്തിലുള്ള വിവിധ നിയമസഭ മണ്ഡലങ്ങളില്‍ ഇതുവരെ പോള്‍ ചെയ്തത്. രാഹുല്‍ ഗാന്ധി (യുഡിഎഫ്), ആനി രാജ (എല്‍ഡിഎഫ്), കെ സുരേന്ദ്രന്‍ (എന്‍ഡിഎ) എന്നിവരാണ് വയനാട്ടില്‍ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍. സിറ്റിംഗ് എംപിയാണ് കോണ്‍ഗ്രസ് ദേശീയ നേതാവായ രാഹുല്‍ ഗാന്ധി.