വാടക വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു, അയല്‍വാസികള്‍ വീട്ടുടമയെ വരുത്തിച്ചു; വീടിനകത്ത് യുവാവ് മരിച്ച നിലയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ ടൗണില്‍ മൗലാന ഹോസ്പിറ്റലിൻ്റെ പിൻവശത്തെ വാടക കോട്ടേഴ്‌സിലാണ് സംഭവം.പശ്ചിമ ബംഗാള്‍ സ്വദേശി ദിപാങ്കർ മാജി (38)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെ വാടക വീട്ടില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികള്‍ വീട്ടുടമയെ വരുത്തിച്ചിരുന്നു.

ഇദ്ദേഹം സ്ഥലത്തെത്തിയ ശേഷം ക്വോർട്ടേർസിൻ്റെ അകത്തേക്ക് ജനല്‍ വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നിലത്ത് പായയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. രക്തം തറയില്‍ തളം കെട്ടി നില്‍ക്കുന്നുണ്ട്. ക്വാർട്ടേർസ് മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഇവിടെ താമസിച്ചിരുന്നവരെ കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.