കൊച്ചി: ടെക്നോപാർക്ക് ജീവനക്കാരായ അനുശാന്തിയും കാമുകൻ നിനോ മാത്യുവും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുകാരി മകള്‍, ഭർതൃ മാതാവ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയും ഭർത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ശിക്ഷാ ഇളവ്.ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ 25 വർഷം പരോളില്ലാതെ തടവ് ആക്കി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹരജി പരിഗണിച്ചാണ് ശിക്ഷ ഇളവ് നല്‍കിയത്. രണ്ടാം പ്രതിയായ അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ഹൈകോടതി ശരിവെച്ചു.
2014 ഏപ്രില്‍ 16നായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. അനുശാന്തിയുടെ മകള്‍ സ്വാസ്തിക, ഭർതൃ മാതാവ് ഓമന (58) എന്നിവരാണ് കൊല്ലപ്പെട്ടത്. നിനോ മാത്യു വീട്ടില്‍കയറിയാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.
അനുശാന്തിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടപ്പാക്കിയത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് വിചാരണകോടതി ശിക്ഷ വിധിച്ചിരുന്നത്.