തിരുവനന്തപുരം: വർക്കലയില്‍ വൃദ്ധയുടെ കണ്ണില്‍ കണ്ണില്‍ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം.വർക്കല പന്തുവിള വള്ളൂർ വീട്ടില്‍ 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയില്‍ പിടിമുറുക്കിയതോടെ 3 പവന്റെ താലിമാലയുടെ മുക്കാല്‍ ഭാഗവും ബലപ്രയോഗത്തിലൂടെ പൊട്ടിച്ചെടുത്ത ശേഷം മോഷ്ടാവ് രക്ഷപെടുകയായിരുന്നു.
വീടിന് പുറത്തുള്ള ശുചിമുറിയിലേത്ത് പോകാനിറങ്ങിയ 60 കാരിയെയാണ് പർദ്ദ ധരിച്ചെത്തിയ മോഷ്ടാവ് ആക്രമിച്ചത്. വീടിന്റെ വാതില്‍ പുറത്തുനിന്നും കൊളുത്തിട്ടശേഷമായിരുന്നു മോഷണം. മോഷ്ടാവ് വൃദ്ധയുടെ കണ്ണില്‍ മുളക് പൊടി വിതറിയതോടെ ഓമന നിലവിളിച്ചങ്കിലും വാതില്‍ കൊളുത്ത് ഇട്ടിരുന്നതിനാല്‍ വീട്ടുകാർക്ക് പെട്ടെന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ സാധിച്ചില്ല. സംഭവത്തില്‍ വർക്കല പൊലീസ് കേസ് എടുത്തു.
നല്ല ഉയരമുള്ള ആളാണ് മോഷ്ടാവെന്നാണ് വീട്ടുകാർ പരാതിയില്‍ പറയുന്നത്. ചുറ്റുമതില്‍ ഇല്ലാത്ത വീടായതിനാല്‍ മോഷ്ടാവിന് പെട്ടെന്ന് രക്ഷപെടാൻ കഴിഞ്ഞു . ബഹളം കേട്ട് പരിസരവാസികള്‍ ഉണർന്നെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.