മുംബൈ: കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലായിരുന്നു സംഭവം.സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ശനിയാഴ്ച ചെംബൂറിലെ മഹുല്‍ ഗ്രാമത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പരിസരത്തുള്ള ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിന് വേണ്ടി കുളത്തില്‍ അനധികൃതമായി മോട്ടോർ സ്ഥാപിച്ചിരുന്നുവെന്നും ഈ മോട്ടോറിനായി എടുത്ത ഇലക്‌ട്രിക് വയറില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നും മുംബൈ പൊലീസ് വിശദീകരിച്ചു.
ഹോട്ടല്‍ ഉടമകളായ ആനന്ദ് മഹുല്‍കർ, ദയറാം മഹുല്‍കർ, ഹരിറാം മഹുല്‍കർ എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് ഇവരെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂണ്‍ 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.