പെട്രോള്‍, ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കർണാടകയില്‍ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. വില്‍പന നികുതി വർധിപ്പിച്ചതോടെയാണ് വില കൂടിയത്.പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയുമാണ് വർധിച്ചത്.

പെട്രോളിന്‍റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92 ശതമാനത്തില്‍ നിന്ന് 29.84 ശതമാനമായും ഡീസലിന്‍റെ വില്‍പന നികുതി 14.34 ശതമാനത്തില്‍ നിന്ന് 18.44 ശതമാനമായുമാണ് വർധിപ്പിച്ചത്.

ഇതോടെ ബംഗളൂരുവില്‍ പെട്രോള്‍ വില ലിറ്ററിന് 102.84 ആയി. നേരത്തെ 99.84 രൂപയായിരുന്നു. ഡീസല്‍ വില നേരത്തെയുണ്ടായിരുന്ന 85.93ല്‍ നിന്ന് 88.95 ആയി ഉയർന്നു.

അധിക വരുമാനം കണ്ടെത്താനുള്ള ധനകാര്യവകുപ്പിന്‍റെ നിർദേശപ്രകാരമാണ് നികുതി വർധനവ്. വിലവർധനവ് പ്രാബല്യത്തില്‍ വന്നതായി സർക്കാർ ഉത്തരവില്‍ പറഞ്ഞു.