ലൂര്‍ദ് മാതാവിന് സ്വര്‍ണക്കൊന്ത സമ്മാനിച്ച്‌ സുരേഷ് ഗോപി

തൃശൂർ: തൃശൂരിലെ ലൂർദ് മാതാ പള്ളിയിലെ മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ച്‌ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ച സുരേഷ് നന്ദി സൂചകമായി ഗാനം ആലപിച്ച ശേഷമാണ് മടങ്ങിയത്.ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യമായാണ് സുരേഷ് ഗോപി ലൂർദ് മാതാ പള്ളിയിലെത്തിയത്. വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉല്‍പന്നങ്ങളിലില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കഴിഞ്ഞ ജനുവരിയില്‍ ലൂർദ് മാതാവിന് സ്വർണക്കിരീടം സുരേഷ് ഗോപി സമർപ്പിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തിയാണ് പള്ളിയില്‍ സ്വർണക്കിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്ബായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നാണ് അന്ന് സുരേഷ്‌ ഗോപി പറഞ്ഞത്.

മാതാവിന്‍റെ രൂപത്തില്‍ അണിയിച്ച കിരീടം അല്‍പസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം ഉയർന്നിരുന്നു. സ്വർണക്കിരീടം എന്ന പേരില്‍ ചെമ്ബില്‍ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയരുകയായിരുന്നു. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തില്‍ കൗണ്‍സിലർ ലീല വർഗീസ് കിരീടത്തില്‍ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യം ഉന്നയിച്ചു. ഇതോടെ ഇത് പരിശോധിക്കാൻ വികാരി ഉള്‍പ്പെടെ അഞ്ചംഗ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരുന്നു.

ലൂർദ് മാതാവിന് സ്വർണക്കിരീടം സുരേഷ് ഗോപി സമ്മാനിക്കുന്നു

കുടുംബത്തിന്‍റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി അന്ന് മാധ്യമങ്ങള്‍ മുമ്ബാകെ ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.