തൃത്താല എസ്‌ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പട്ടാമ്ബിയില്‍ നിന്നും പിടിയില്‍

പാലക്കാട്: തൃത്താലയില്‍ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലൻ പിടിയില്‍. പട്ടാമ്ബിയില്‍ നിന്നാണ് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലൻ മൊഴി നല്‍കിയിട്ടുണ്ട്. അജീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

പാലക്കാട് തൃത്താലയില്‍ വെച്ച്‌ വാഹന പരിശോധനയ്ക്കിടെയാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയത്. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനമിടിച്ചത്. സംഭവത്തില്‍ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. തൃത്താല സി ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാങ്കല്ലില്‍ സംശയാസ്പദമായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പൊലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ച്‌ കടക്കാൻ ശ്രമിച്ചു. കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോയി. എസ്‌ഐയെ ഇടിച്ചു വീഴ്ത്തി. എസ്‌ഐയെ മനപൂർവം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ എസ്‌ഐ ശശി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിൻ്റെ നമ്ബർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ക്രഷർ ഉടമ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ 19 കാരനായ മകൻ അലനാണ് വാഹനമോടിച്ചത്. ഒളിവില്‍ പോയ അലന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്നാണ് ഇപ്പോള്‍ അലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.