താനെ: മഹാരാഷ്ട്രയില്‍ 46കാരനെ മൂന്നംഗസംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. അക്രമിസംഘത്തില്‍ പെട്ട ഒരാളുമായി കൊല്ലപ്പെട്ട സാകിർ മിയയുടെ മകള്‍ പ്രണയത്തിലായിരുന്നു.ബന്ധം എതിർത്തതിന്റെ പ്രതികാരമായാണ് സാകിർ മിയയെ കൊലപ്പെടുത്തിയത്. തനെയിലെ തിത്‍വാലയില്‍ ജൂണ്‍ 17ന് പെരുന്നാള്‍ ദിനത്തിലാണ് സംഭവം.
സാകിർ മിർസ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കവെയാണ് രാവിലെ 11.30ഓടെ മൂന്നംഗ സംഘം ഇവർ താമസിച്ചിരുന്ന അപാർട്മെന്റിലെത്തിയത്. സാകിറിനെ മോശം വാക്കുകളാല്‍ അധിക്ഷേപിച്ച അക്രമിസംഘം മൂർച്ചയേറിയ ആയുധങ്ങളും വടികളും ഉപയോഗിച്ച് മർദിക്കാനും തുടങ്ങി. മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മിർസ കൊല്ലപ്പെടുകയായിരന്നു.
മഹാരാഷ്ട്രയില്‍ ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഇത്തരത്തിലുള്ള അക്രമം റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ ചിഞ്ച്പാഡയില്‍ യുവതിയെ സുഹൃത്ത് സ്പാനർ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അക്രമിയെ തിരിച്ചറിഞ്ഞത്.