ഗോവയില്‍ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ഷൊർണൂർ: ഷൊർണൂരില്‍ മലയാളി യുവാവിനൊപ്പം കഴിയുകയായിരുന്ന വിദേശ വനിതയെ ദുബൈയില്‍ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍.മുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സൊഹൈല്‍ ഇഖ്ബാല്‍ ചൗധരിയാണ് പൊലീസിന്‍റെ പിടിയിലായത്. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് 12ന് ദുബൈയില്‍ വെച്ചായിരുന്നു സംഭവം. ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയില്‍ വച്ചാണ് പ്രതിയുള്‍പ്പടെ രണ്ട് പേർ പരിചയപ്പെടുന്നത്. യുവതി ദുബൈയിലുണ്ടെന്ന് മനസിലാക്കി പ്രതികള്‍ ഫ്ലാറ്റില്‍ പാർട്ടിക്കു ക്ഷണിച്ചു. പിന്നീട് പ്രത്യേക പാനീയം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയില്‍ തിരിച്ചെത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പരാതിയുമായി ചേരാനല്ലൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ കൊച്ചി എസിപി അന്വേഷിച്ച കേസ് തുടരന്വേഷണത്തിന് ഷൊർണൂരിലേക്കു കൈമാറി.തുടർന്ന് ഡിവൈഎസ്പി പി.സി.ഹരിദാസന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ചൗധരി പിടിയിലായത്. ഇയാള്‍ കേസലെ രണ്ടാം പ്രതിയാണെന്നും ഒന്നാമനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. യുവതി കഴിഞ്ഞ രണ്ട് വർഷത്തോളമായി ഷൊർണൂർ സ്വദേശിയായ യുവാവിനൊപ്പമാണ് കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.