‘അമ്മയേക്കാള്‍ വലിയ പോരാളിയില്ല’, മകനെ നേര്‍വഴിക്ക് എത്തിക്കാൻ ലഹരി സംഘത്തെ മുട്ടുകുത്തിച്ച്‌ ഒരമ്മ

ചെന്നൈ: ലഹരി സംഘത്തിന് വേണ്ടി വാഹനമോടിച്ച്‌ മകൻ, റാക്കറ്റ് തകർക്കാൻ പൊലീസിനെ സഹായിച്ച്‌ അമ്മ. ലോറി ഡ്രൈവറെ ഉപയോഗിച്ച്‌ കഞ്ചാവ് ഓയില്‍ വ്യാപാരം നടത്തിയിരുന്ന സംഘമാണ് മകനെ നേർവഴി നടത്താനുള്ള ഒരു ശ്രമത്തിന് മുന്നില്‍ തകർന്ന് അടിഞ്ഞത്.തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. ശ്രീറാം എന്ന ലോറി ഡ്രൈവറാണ് അടുത്തിടെ ലഹരി സംഘത്തിനൊപ്പം കൂടിയത്. സംഘത്തിനൊപ്പം കൂടിയതിന് പിന്നാലെ മകൻ ലഹരി ഉപയോഗം ആരംഭിച്ചതാണ് അമ്മ ഭാഗ്യലക്ഷ്മിയെ ക്ഷുഭിതയാക്കിയത്. മകനെക്കുറിച്ചും മകന്റെ കഞ്ചാവ് ഇടപാടിനേക്കുറിച്ചും ഭാഗ്യ ലക്ഷ്മി പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.

പൊലീസ് ശ്രീരാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവ് ഓയിലാണ് കണ്ടെത്തിയത്. യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ നടത്തിയ ചോദ്യം ചെയ്യലിലാണ് ലഹരി സംഘത്തേക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒഡിഷയിലേക്ക് ചരക്കുമായി പോയി തിരികെ വരുമ്ബോഴാണ് ശ്രീറാം കഞ്ചാവ് ഓയില്‍ കൊണ്ടുവന്നിരുന്നത്. ആന്ധ്രയില്‍ നിന്നുമായിരുന്നു ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. മലയാളിയായ ഒരാളില്‍ നിന്നാണ് ആന്ധ്രയില്‍ ബന്ധപ്പെടാനുള്ള ആളുടെ വിവരം ലഭിച്ചതെന്നും ശ്രീറാം പൊലീസിനോട് വെളിപ്പെടുത്തി. ചെന്നൈയിലെ മധവാരത്ത് വച്ച്‌ അപരിചിതനായ ഒരാള്‍ക്ക് ആയിരുന്നു ലഹരി മരുന്ന് കൈമാറിയിരുന്നതെന്നും ശ്രീറാം വിശദമാക്കി.

ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് പൊലീസ് ലഹരി സംഘത്തെ പിടികൂടുന്നത്. ഗഞ്ച ബ്രദേഴ്സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സംഘമാണ് പൊലീസ് കണ്ടെത്തിയത്. നേരത്ത ലോറി ഡ്രൈവർമാരെ ഉപയോഗിച്ച്‌ കഞ്ചാവ് കടത്തിയിരുന്ന ഈ സംഘം അടുത്ത കാലത്താണ് കഞ്ചാവ് ഓയില്‍ കടത്താൻ ആരംഭിച്ചത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനകളില്‍ പൊലീസ് സ്നിഫർ നായകളെ എളുപ്പത്തില്‍ കബളിപ്പിക്കാനായിരുന്നു ഇത്. ശ്രീറാമിന്റെ കൈവശമുണ്ടായിരുന്ന രഹസ്യ കോഡില്‍ നിന്നാണ് സംഘത്തേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.