മെഡിക്കല്‍ ഷോപ്പിന്‍റെ മറവില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന; യുവാവ് പിടിയില്‍, എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു

തിരുവനന്തപുരം: മെഡിക്കല്‍ ഷോപ്പിന്‍റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തിയ പ്രതി എക്സൈസ് പിടിയിലായി. നെടുമങ്ങാട് ഗവണ്‍മെന്‍റ് ഹോസ്പിറ്റലിന് എതിർവശത്തുള്ള കുറക്കോട് റോഡില്‍ പ്രവർത്തിക്കുന്ന വീ കെയർ ഫാർമസി എന്ന മെഡിക്കല്‍ ഷോപ്പ് ഉടമയാണ് പിടിയിലായത്.വാളിക്കോട് സ്വദേശി 34 വയസ്സുള്ള സോനു എന്ന് വിളിക്കുന്ന ഷംനാസിന്‍റെ ബാഗില്‍ നിന്നാണ് മയക്കുമരുന്നുകള്‍ കണ്ടെടുത്തത്. എംഡിഎംഎയും കഞ്ചാവും എക്സൈസ് കസ്റ്റഡിയിലെടുത്തു.

സർക്കിള്‍ ഇൻസ്‌പെക്ടർ സി എസ് സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കേസ് എടുത്തത്. കോളേജ് വിദ്യാർത്ഥികള്‍ക്കും മറ്റും ഇയാള്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമായിരുന്നു റെയ്ഡെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സംഘത്തില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രഞ്ജിത്ത്, പ്രിവന്‍റീവ് ഓഫീസർ ബിജു, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് സജി, നജിമുദ്ദീൻ, സിഇഒ രാജേഷ് കുമാർ, ഡബ്ല്യുസിഇഒ മഞ്ജുഷ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു.